പകലുറക്കം പണിതരും; ഹൃദയാഘാതം വരാൻ സാധ്യത കൂടുതലെന്നു പഠനം

പകൽ മയക്കം നമ്മളിൽ പലർക്കും ഉള്ള സ്വഭാവമാണ്. അത് ചിലപ്പോൾ അൽപസമയമാകാം. അല്ലെങ്കിൽ കുറച്ചധികം സമയമാകാം. പകൽ കുറച്ചധികം സമയം ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു. പകൽ 40 മിനുട്ടിൽ കൂടുതൽ മയങ്ങുന്നതോ അല്ലെങ്കിൽ പകൽ സമയത്ത് അമിതമായി ക്ഷീണിതനായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് പ്രശ്‌നമാണ്. പോഷകാപചയ ലക്ഷണമായി അതിനെ കാണണം എന്നണ് ഗവേഷകർ പറയുന്നത്. ഈ മെറ്റബോളിക് സിൻഡ്രോം ഉയർന്ന രക്തസമ്മർദം, കൊളജസ്‌ട്രോൾ, ബ്ലഡ് ഷുഗർ, ഒപ്പം കൊഴുപ്പ് വർധിക്കുക തുടങ്ങിയ അവസ്ഥകളിലേക്ക് നീങ്ങുന്നു. അതായത് ഇത്തരക്കാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയും കൂടുതലാണ്.

പകലുറക്കം എന്നത് ഇന്ന് ലോകത്ത് മുഖ്യമായും പലരുടെയും സ്വഭാവമാണ്. ഈ സാഹചര്യത്തിൽ ഇതുമൂലമുണ്ടാകുന്ന മെറ്റബോളിക് അസുഖങ്ങളുടെ ചികിത്സയ്ക്ക് പുതിയ രീതികൾ കണ്ടെത്താൻ ഉപകരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. 3 ലക്ഷത്തിൽ പരം ആളുകളിൽ 21 തവണ നിരീക്ഷണം നടത്തിയ ശേഷമാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടോക്യോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പകൽ മയക്കത്തിന്റെ ശീലം സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. പകൽ വല്ലാതെ ഉറക്കം തൂങ്ങിയായി ഇരിക്കുന്നുണ്ടോ എന്നും ചോദിച്ചു.

ഇതിൽ നിന്നുള്ള ഉത്തരങ്ങൾ ഇവരുടെ രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര, ടൈപ് 2 ഡയബറ്റിസ് എന്നിവയുമായി അവലോകനം ചെയ്തു. ഉറക്കം എന്നത് ആരോഗ്യകരമായ ജീവിതരീതിയുടെ ഭാഗമാണ്. വ്യായാമവും ഭക്ഷണക്രമവും പോലെ തന്നെ പ്രധാനമാണ് ഇതും. ഉറക്കത്തിന്റെ ശീലങ്ങൾ മെറ്റബോളിക് സിൻഡ്രോം, ഹൃദ്രോഗങ്ങൾ എന്നിവയെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടെത്താൻ പുതിയ പഠനങ്ങൾ ആവശ്യമാണ്. അതേസമയം, പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് 20 മിനുട്ട് അധികം ഉറങ്ങേണ്ടത് അത്യാവശ്യമാണെന്ന പഠനറിപ്പോർട്ട് അടുത്തിടെ ഗവേഷകർ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here