തിരൂരിലുണ്ട് 300 ‘സല്‍സ്വഭാവി’കളായ ഓട്ടോക്കാര്‍; സ്ത്രീകള്‍ക്കു സുരക്ഷിതയാത്രയൊരുക്കാന്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി; ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യും

തിരൂര്‍: സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരൂരില്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി. സല്‍സ്വഭാവികളായ ഓട്ടോറിക്ഷാക്കാരെ കണ്ടെത്തിയാണ് തിരൂര്‍ ഡിവൈഎസ്പി ടി സി വേണുഗോപാല്‍ പദ്ധതി നടപ്പാക്കുന്നത്. മുന്നൂറ് ഓട്ടോറിക്ഷക്കാരെയാണ് തിരൂര്‍, താനൂര്‍, കല്‍പകഞ്ചേരി, കാടാമ്പുഴ, വളാഞ്ചേരി, കുറ്റിപ്പുറം, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി കണ്ടെത്തിയിരിക്കുന്നത്.

ഈ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സ്ത്രീ സൗഹൃദ ഓട്ടോകള്‍ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി നിര്‍വഹിച്ചു.

ജനമൈത്രി പൊലീസിന്റെ പ്രത്യേക എംബ്ലം പതിച്ചതായിരിക്കും പദ്ധതിയിള്‍ ഉള്‍പ്പെടുന്ന സല്‍സ്വഭാവികളായ ഡ്രൈവര്‍മാരുടെ ഓട്ടോറിക്ഷകള്‍. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഈ എംബ്ലമുള്ള ഓട്ടോറിക്ഷകള്‍ തെരഞ്ഞെടുക്കണമെന്നു ഡിവൈഎസ്പി പറഞ്ഞു. ഇനി ഒറ്റയ്ക്കു യാത്രചെയ്യേണ്ടിവരികയാണെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒന്നു ഫോണ്‍ ചെയ്താല്‍ മതി, സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ ഓടിയെത്തും. യാത്രക്കാരിയെ ലക്ഷ്യസ്ഥാനത്തെത്തിച്ചശേഷം ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. അസമയത്ത്, സ്ത്രീപുരുഷ ഭേദമെന്യേ ആര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here