ട്വന്റി-20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി; ഓസ്‌ട്രേലിയയോടു തോറ്റത് 21 റൺസിന്; ഇന്ത്യ-ഓസീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിബർത്ത്

ചണ്ഡീഗഢ്: ട്വന്റി-20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടു 21 റൺസുകൾക്ക് തോറ്റാണ് പാകിസ്താൻ പുറത്തായത്. 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് നിശ്ചിത ഓവറിൽ 8 വിക്കറ്റു നഷ്ടത്തിൽ 172 റൺസെടുക്കാനെ സാധിച്ചുള്ളു. ഓപ്പണിംഗ് നിരയും മധ്യനിരയും മികച്ച അടിത്തറയുണ്ടാക്കിയെങ്കിലും അതു മുതലാക്കാൻ വാലറ്റത്തിനു കഴിയാതെ പോയതാണ് പാകിസ്താന്റെ തോൽവിക്കു കാരണം. ഖാലിദ് ലത്തീഫും ഷോയബ് മാലികുമാണ് ടോപ് സ്‌കോറർമാർ. നാലു കളികളിൽ ഒരെണ്ണം മാത്രമാണ് പാകിസ്താനു ജയിക്കാനായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ 1 റൺസെടുത്ത ഓപ്പണർ അഹമ്മദ് ഷെഹ്‌സാദിനെ നഷ്ടമായിരുന്നു. എന്നാൽ, വൺഡൗണായി എത്തിയ ഖാലിദ് ലത്തീഫിനെ കൂട്ടുപിടിച്ച് ഷർജീൽ ഖാൻ പാകിസ്താനെ മുന്നോട്ടു നയിച്ചു. 19 പന്തിൽ നിന്ന് 30 റൺസെടുത്ത ഷർജീൽ ഖാനെ ഫോക്‌നർ പുറത്താക്കി. ഉമർ അക്മലുമായി ചേർന്ന് ഖാലിദ് രക്ഷാപ്രവർത്തനം തുടങ്ങി. 20 പന്തിൽ 32 റൺസെടുത്ത അക്മലിനെ സാംപ പുറത്താക്കി. അപ്പോഴും ഒരറ്റത്ത് ഇളകാതെ നിന്ന ഖാലിദും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഷോയബ് മാലികും പാകിസ്താനെ രക്ഷിക്കുമെന്നു തോന്നിച്ചെങ്കിലും ഇരുവരുടെയും പുറത്താകൽ പാകിസ്താനു തിരിച്ചടിയായി.

നായകൻ അഫ്രീദിയുടെ ഇന്നിംഗ്‌സ് അതിവേഗത്തിൽ അവസാനിച്ചിരുന്നു. 7 പന്തു നേരിട്ട് 14 റൺസായിരുന്നു അഫ്രീദിയുടെ സമ്പാദ്യം. 41 പന്തിൽ നിന്ന് 46 റൺസെടുത്ത ഖാലിദാണ് ടോപ് സ്‌കോറർ. മാലിക് 20 പന്ത് നേരിട്ട് 40 റൺസുമായി പുറത്താകാതെ നിന്നു. വാലറ്റം അമ്പേ പരാജയമായിരുന്നു. ഇമാദ് വാസിമും വഹാബ് റിയാസും റണ്ണൊന്നുമെടുക്കാതെയും സർഫറാസ് അഹമ്മദ് 2 റൺസെടുത്തും പുറത്തായി. 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ഫോക്‌നറാണ് പാകിസ്താനെ തകർത്തത്. സാംപ 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 193 റൺസെടുത്തു. അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന സ്മിത്തിന്റെയും അർധസെഞ്ചുറിയോടടുത്ത പ്രകടനം നടത്തിയ വാട്‌സന്റെയും ബാറ്റിംഗാണ് ഓസീസിനു കരുത്തായത്. കാര്യമായ അടിത്തറയുണ്ടാക്കുന്നതിൽ ഓപ്പണിംഗ് നിര പരാജയപ്പെട്ടിടത്തായിരുന്നു സ്മിത്തും വാട്‌സണും താണ്ഡവമാടിയത്. ഗ്ലെൻ മാക്‌സ്‌വെൽ മികച്ച പിന്തുണ നൽകി. പാകിസ്താനു വേണ്ടി വഹാബ് റിയാസും ഇമാദ് വസിമും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും കാര്യമായ അടിത്തറയുണ്ടാക്കാതെ പുറത്തായി. 21 റൺസെടുത്ത ഖവാജ ആദ്യം പുറത്തായി. തുടർന്നു വന്ന ഡേവിഡ് വാർണർ (9) നിലയുറപ്പിക്കുന്നതിനു മുമ്പേ പുറത്തായി. തൊട്ടുപിന്നാലെ 15 റൺസെടുത്ത് ഫിഞ്ചും പുറത്തായി. പിന്നീടായിരുന്നു സ്മിത്തിന്റെ താണ്ഡവം. മാക്‌സ്‌വെല്ലിന്റെ ശക്തമായ പിന്തുണയും കൂടി ആയതോടെ സ്മിത്ത് അടിച്ചു തകർത്തു. 18 പന്തിൽ 30 റൺസെടുത്ത മാക്‌സ്‌വെല്ലിനെ ഇമാദ് വസിം പുറത്താക്കിയ ശേഷം വന്ന ഷെയ്ൻ വാട്‌സണെ കൂട്ടുപിടിച്ചായി സ്മിത്തിന്റെ ആക്രമണം. 43 പന്തിൽ നിന്ന് 61 റൺസെടുത്ത സ്മിത്ത് പുറത്താകാതെ നിന്നു. 21 പന്ത് നേരിട്ട വാട്‌സൺ 44 റൺസുമായും പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News