പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് സിഐ പീഡിപ്പിച്ചെന്ന് ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ്; സംഭവം മുൻ ഡിസിപി ആർ നിശാന്തിനി സ്റ്റേഷനിലുള്ളപ്പോഴെന്നും ആരോപണം

കൊച്ചി: ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസിൽ ആരോപണവിധേയായ ബിന്ധ്യാസ് തോമസ് പൊലീസിനെതിരേ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്യൽ എന്ന പേരിൽ വനിതാപൊലീസുകാരുടെ ഒത്താശയോടെ തന്നെ സർക്കിൾ ഇൻസ്‌പെക്ടർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബിന്ധ്യാസിന്റെ ആരോപണം. പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ മൂന്നാം നിലയിൽവച്ചു താൻ പീഡിപ്പിക്കപ്പെടുമ്പോൾ അന്നു കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ നിശാന്തിനി അവിടെയുണ്ടായിരുന്നെന്നും ബിന്ധ്യാസ് പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിട്ടിക്കു നൽകിയ പരാതിയിൽ വെളിപ്പെടുത്തുന്നു.

താൻ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീകളെയെല്ലാം പാലാരിവട്ടം സ്റ്റേഷനിൽവച്ചു പീഡനത്തിരയാക്കി. വനിതാ പൊലീസുകാരായ റെജിമോൾ, ഷൈനിമോൾ എന്നിവരെ മുറിക്കു പുറത്തു കാവൽ നിർത്തിയായിരുന്നു പീഡനം. പീഡനം മൂലം തനിക്കു രക്തസ്രാവം ഉണ്ടായെന്നും ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നെന്നും ബിന്ധ്യാസ് പരാതിയിൽ പറയുന്നു. ജാമ്യത്തിലിറങ്ങിയശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ഹാജരാക്കാമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മാനസികമായും രൂക്ഷമായി പീഡിപ്പിച്ചു. അമ്മയെ തൊട്ടടുത്ത മുറിയിൽ ഇരുത്തിയാണ് സിഐ സന്തോഷ് കുമാർ ക്രൂരമായി പീഡിപ്പിച്ചത്. താൻ പീഡിപ്പിക്കപ്പെട്ടതറിഞ്ഞുള്ള വിഷമം മൂലമാണ് അമ്മ ജീവനൊടുക്കിയത്. തന്റെ മൊബൈലിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ വ്യവസായി അടക്കമുള്ള 11 പേരിൽനിന്നു പൊലീസ് വൻ തുക ഭീഷണിപ്പെടുത്തി വാങ്ങി. 2014 ജൂലൈ പത്തിന് കുമ്പളം ടോൾ പ്ലാസയിൽവച്ചു പ്രതിശ്രുത വരൻ റലാഷിനൊപ്പമാണ് താൻ അറസ്റ്റിലായത്. റലാഷിനെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപെടലുണ്ടായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നു നിരീക്ഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കേസ് ഏപ്രിൽ പതിനഞ്ചിലേക്കു പരിഗണിക്കാൻ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel