ജോര്‍ജിയ (അമേരിക്ക): യോഗയുടെ ഭാഗമായി കൈകൂപ്പിയുള്ള നമസ്‌തേയ്ക്ക് നിരോധനവുമായി അമേരിക്കയിലെ ഒരു സ്‌കൂള്‍. ജോര്‍ജിയ കെന്നെസയിലെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന ബുള്ളാര്‍ഡ് സ്‌കൂള്‍ ആണ് നമസ്‌തേയ്ക്ക് നിരോധനവുമായി എത്തിയത്. ക്രൈസ്തവ മതവിശ്വാസത്തിനെതിരാണെന്ന് കാട്ടിയാണ് നിരോധനം.
സ്‌കൂളില്‍ കുട്ടികളെ യോഗ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ നമസ്‌തേ നിരോധിക്കണമെന്നാണ് ആവശ്യം. മാതാപിതാക്കളുടെ പരാതി പരിഗണിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നിരോധനഉത്തരവ് ഇറക്കി. അക്രൈസ്തവ വികാരമാണ് യോഗവഴി കുട്ടികളെ പഠിപ്പിക്കുന്നത് എന്നും മാതാപിതാക്കള്‍ പറയുന്നു. കുട്ടികള്‍ക്ക് സമാധാനാന്തരീക്ഷം നല്‍കുന്നതിന്റെ ഭാഗമായാണ് യോഗ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍സ്വരം ഉയര്‍ത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു.
തികച്ചും വിദൂരതയിലുള്ള ഒന്ന് ഞങ്ങളുടെ കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഭീതീജനിപ്പിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്നും കുട്ടിയുടെ അച്ഛനായ ക്രിസ്റ്റഫര്‍ സ്മിത് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ മനസിന് കരുത്ത് പകരുന്നതാണ് യോഗയെന്നും അതിനാലാണ് യോഗ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാക്കിയതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പാട്രീസ് മൂര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനാണ് യോഗ പരിശീലനം തുടങ്ങിയത്. കുറച്ചുവര്‍ഷങ്ങളായി ഇത് തുടരുന്നുമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ കുട്ടികളെ വേര്‍തിരിക്കാനില്ല. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ യോഗയില്‍നിന്ന് നമസ്‌തേ ഉള്‍പ്പടെയുള്ള ചില കാര്യങ്ങള്‍ ഒഴിവാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
യോഗ പഠനത്തിന്റെ ഭാഗമായി യോഗ പരിശീലകനെയും സ്‌കൂളില്‍ നിയോഗിച്ചിരുന്നു. യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍ പറഞ്ഞു. ശാരിരീകമായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി മനസും ശ്വാസവും സമര്‍പ്പിക്കുന്നതാണ് യോഗ. മനസിന് സമാധാനം നല്‍കുന്നതാണ് ഇതെന്നും റേച്ചല്‍ ബ്രാതന്‍ പറഞ്ഞു. രാജ്യാന്തര ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here