ഋഷിരാജും ബെഹ്‌റയും കേരളം വിടുന്നു; അഴിമതിക്ക് കൂട്ടുനില്‍ക്കാനില്ല; സ്ഥാനക്കയറ്റം സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമെന്നും ആക്ഷേപം

തിരുവനന്തപുരം: എഡിജിപിമാരായ ഋഷിരാജ് സിംഗും ലോക്‌നാത് ബെഹ്‌റയും സംസ്ഥാനം വിടുന്നു. അഴിമതി വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനൊപ്പം നല്‍ക്കാനാവില്ല എന്നാ കാട്ടിയാണ് ഇരുവരും കേരളത്തിലെ സേവനം അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. കേന്ദ്രസര്‍വീസിലേക്ക് മാറാന്‍ ഋഷിരാജ് സിംഗും ലോക്‌നാഥ് ബെഹ്‌റയും ചീഫ് സെക്രട്ടറി പികെ മൊഹന്തിയെ നേരിട്ട് കണ്ടാണ് അപേക്ഷ നല്‍കിയത്.

അഴിമതി മാത്രമല്ല ഇരുവരും ഉയര്‍ത്തുന്ന വിഷയം. സത്യസന്ധമായി നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥര്‍ തഴയപ്പെടുന്നതായും ഇരുവരും പറയുന്നു. സര്‍ക്കാരിന് ഇഷ്ടക്കാരായവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങളും പദവിയും നല്‍കുന്നത്. ആരോപണവിധേയരെ സര്‍ക്കാര്‍ അധികം ആനുകൂല്യങ്ങളും പദവിയും നല്‍കി സംരക്ഷിക്കുന്നതായും ഇവര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞമാസം ഇരുവരുടെയും ശമ്പളം എജി തടയുക കൂടി ചെയ്തതോടെ പ്രശ്‌നം അതിന്റെ മൂര്‍ധന്യതയിലെത്തി.

ഡിജിപി പദവി പേരിന് മാത്രം നിജപ്പെടുത്തിയതും ഇരുവരുടെയും പ്രതിഷേധത്തിന് കാരണമാണ്. ഡിജിപിമാരായി നിയമനം ലഭിച്ചിട്ടും ഇരുവര്‍ക്കും അനുയോജ്യമായ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ ഇത്തരം സ്ഥാപിത താല്‍പര്യങ്ങള്‍ തന്നെയാണ് ഇരുവര്‍ക്കും തിരിച്ചടിയാവുന്നതും.

വിജിലന്‍സ് ഡയറക്ടറായി നിയമനം ലഭിക്കേണ്ടിയിരുന്ന ബെഹ്‌റയെ ഫയര്‍ഫോഴ്‌സില്‍ നിയമിച്ചതോടെയാണ് അസ്വാരസ്യങ്ങളുടെ തുടക്കം. കേഡര്‍ തസ്തികയായ ഫയര്‍ഫോഴ്‌സ് ഡിജിപിയുടെ തസ്തിക ഒഴിച്ചിട്ടായിരുന്നു ബെഹ്‌റയുടെ നിയമനം. ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി ആണ് നിയമനം നല്‍കിയത്. നിയമനം പുനപരിശോധിക്കണമെന്ന് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. ഇരുവരെയും എഡിജിപി പദവിയില്‍ നിയമിച്ചതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധമുയര്‍ത്തി. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാര്യമായി എടുത്തില്ല.

സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ഇരുവരും പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് ഇരുവരും ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇരുവരെയും തിരികെ എത്തിച്ചത്. ഋഷിരാജ് സിംഗിന് സിബിഐയിലും ലോക്‌നാഥ് ബെഹ്‌റയ്ക്ക് സിബിഐയിലും നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നത് സര്‍ക്കാരിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News