ഹൈദരാബാദ് സര്‍വ്വകലാശാല സംഭവങ്ങള്‍ സര്‍ക്കാര്‍ അറിവോടെയല്ലെന്ന് തെലങ്കാന; വെള്ളവും ഭക്ഷണവും നിഷേധിച്ചത് വിസിയുടെ മാത്രം തീരുമാനം; വിസിയെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് യെച്ചൂരി

ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയ സംഭവങ്ങള്‍ സര്‍ക്കാര്‍ അറിവോടെ അല്ലെന്ന് ചൂണ്ടികാട്ടി തെലങ്കാന സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കി. വെള്ളവും വൈദ്യുതിയും ഭക്ഷണവും നിഷേധിച്ചുള്ള നടപടി വിസി അപ്പറാവുവിന്റെ മാത്രം തീരുമാനം ആയിരുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ദളിത് വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ മരണത്തിന് ഉത്തരവാദിയായ അപ്പാറാവുവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചതിന് എതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് ഹോസ്റ്റല്‍ വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ച് ക്യാന്റീന്‍ അടച്ചുപൂട്ടിയുമാണ് അധികൃതര്‍ പ്രതികാര നടപടി കൈക്കൊണ്ടത്. സര്‍വ്വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ ചോദ്യം ചെയത് മനുഷ്യാവകാശ കമ്മീഷന്‍ സര്‍വ്വകലാശാല അധികൃതര്‍ക്കും തെലങ്കാന സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഇതില്‍ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയ മനുഷത്വരഹിത പ്രവര്‍ത്തനങ്ങള്‍ വിസിയുടെ മാത്രം തീരുമാനപ്രകാരം ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാലയിലെ പൊലീസ് അതിക്രമത്തെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

വിഷയം തെലങ്കാന നിയമസഭയെ ഇന്ന് പ്രക്ഷുബ്ധമാക്കും. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരനായ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം എന്നാല്‍ ഹിന്ദുവികസന മന്ത്രാലയമല്ലെന്നും യെച്ചൂരി പറഞ്ഞു.

ഇതിനിടെ വിസിക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഒന്‍പത് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 27 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ ജാമ്യഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് സര്‍വ്വകലാശാല അധികൃതര്‍ ഇന്ന് മറുപടി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News