മുഴുവൻ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കണമെന്നില്ലെന്ന് വിഎം സുധീരൻ; മാനദണ്ഡങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും; 82 അംഗ സാധ്യതാപട്ടിക തയ്യാറായി; നാലിടങ്ങളിൽ ഒറ്റപ്പേരു മാത്രം

തിരുവനന്തപുരം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. എല്ലാ സിറ്റിംഗ് എംഎൽമാരുടെയും പേരുകൾ സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എല്ലാവരും മത്സരിക്കണമെന്നില്ല. മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഏതൊക്കെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന് തീരുമാനിക്കുക. നാലു സിറ്റിംഗ് സീറ്റുകളിൽ ഒഴികെ മറ്റെല്ലാ സീറ്റുകളിലും ഒന്നിലധികം പേരുകൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്, ജി കാർത്തികേയന്റെ മകൻ കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന അരുവിക്കര എന്നിവിടങ്ങളിലാണ് ഓരോ പേരുകൾ മാത്രം സാധ്യതാപട്ടികയിൽ നിർദേശിച്ചിട്ടുള്ളത്. ആകെ 82 സീറ്റുകളിലേക്കുള്ള പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഇതിനെ പൂർണമായ പട്ടിക എന്നു പറയാനൊക്കില്ലെന്നും സുധീരൻ പറഞ്ഞു.

യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന പട്ടികയായിരിക്കും പുറത്തിറക്കുക. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. 28ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരൻ എന്നിവർ ദില്ലിയിലേക്ക് പോകും. ഇതിനു ശേഷമായിരിക്കും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയെന്നും സുധീരൻ തീരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here