ദ്വയാര്‍ഥപ്രയോഗങ്ങളും, കോമിക്ക് ഹാസ്യ രംഗങ്ങളുമില്ലാതെയും സിനിമയെടുക്കാം; കാണണമെങ്കില്‍ ‘കലി’യുണ്ട് തിയേറ്ററില്‍

രീക്ഷാച്ചൂടിനു ശേഷമുള്ള അവധിക്കാല ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍- സമീര്‍ താഹിര്‍- സായ് പല്ലവി ടീമിന്റെ ‘കലി’. നിരവധി കാരണങ്ങളാല്‍ ചിത്രം പ്രേക്ഷക പ്രതീക്ഷകളെ വാനോളമുയര്‍ത്തിയിരുന്നു. ചാര്‍ലി എന്ന സിനിമ നല്‍കിയ ജനപ്രിയതയ്ക്കും ഒപ്പം മികച്ച നടനുള്ള പുരസ്‌കാരത്തിനും ശേഷമെത്തുന്ന ദുല്‍ഖറിന്റെ ചിത്രം, പ്രേമത്തിലെ മലരായെത്തി മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവിയുടെ സാന്നിധ്യം. രണ്ടു വിജയ സിനിമകള്‍ക്കു ശേഷമുള്ള നീണ്ട ഇടവേളക്കൊടുവിലെ സമീര്‍ താഹിര്‍ ചിത്രം എന്നിങ്ങനെ പല ഘടകങ്ങളും ചിത്രത്തിന്റെ ശ്രദ്ധ വര്‍ധിപ്പിച്ചു. ട്രെയിലറിനും ആദ്യ ഗാനത്തിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ഇതിനു ലഭിച്ചത്. വളര്‍ന്നു വന്ന ഈ പ്രതീക്ഷകളൊന്നും അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നു കലി. അവധിക്കാല റിലീസുകളില്‍ മികച്ച അഭിപ്രായമുണ്ടാക്കാന്‍ കഴിയും ഈ റോമാന്റിക് ത്രില്ലര്‍ സിനിമയ്ക്ക്.

ചെറിയ കാര്യങ്ങള്‍ക്കു പോലും, ചിലപ്പോള്‍ കാര്യങ്ങളേതുമില്ലാതെയും വല്ലാതെ ദേഷ്യം പിടിക്കുന്ന നായകന്റെ ‘കലി’ തന്നെയാണു സിനിമയുടെ മുഖ്യപ്രമേയം. സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായ സിദ്ധാര്‍ത്ഥായി ദുല്‍ഖര്‍ എത്തുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം മൂലം അയാളുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയുമാണു സിനിമ മുന്നോട്ടു പോകുന്നത്. നിലപാടുകളോടും ചുറ്റുപാടുകളോടും കലഹിക്കുന്ന, മലയാളത്തിലെ ന്യൂ ജെന്‍ നായക ഇമേജുള്ള നടനാണ് ദുല്‍ഖര്‍. മുമ്പ് അഭിനയിച്ച സിനിമകളില്‍ ഇത്തരം വേഷങ്ങള്‍ നിരവധി കൈകാര്യം ചെയ്തിട്ടുമുണ്ടു ദുല്‍ഖര്‍. എന്നാല്‍ അവയില്‍നിന്നു വ്യത്യസ്ഥമായി തന്റെ കുട്ടിക്കാലം മുതലുള്ള സവിശേഷ സ്വഭാവമായാണു സിദ്ധാര്‍ത്ഥിന്റെ മുന്‍കോപത്തെ ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നത്. ക്ലാസ് മുറിയില്‍നിന്ന് അവന്‍ കോളേജിലേക്കും പിന്നീട് ഔദ്യോഗിക ജീവിതത്തിലേക്കും വളരുമ്പോളും മുന്‍ കോപവും മാറ്റമില്ലാതെ വളരുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ കോളേജ് ജീവിതത്തിലെ കാമുകിയായും പിന്നീട് ഭാര്യയായുമാണ് സായ് പല്ലവി അഞ്ജലിയായെത്തുന്നത്. നായകന്റെ ദേഷ്യം നിറഞ്ഞ സ്വഭാവത്തിനിടയിലും അവരുടെ പ്രണയത്തെ മനോഹരമായി അവതരിപ്പിക്കുന്നു സിനിമയില്‍. ദുല്‍ഖര്‍- സായ് പല്ലവിക്കിടയിലുള്ള രസതന്ത്രം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകും.

നായകന്റെ അതിവൈകാരിക ഇടപെടലുകള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായിടപെടുന്ന നായികയെ സായ് പല്ലവിയും അസ്വാഭാവികതകളില്ലാതെ സ്‌ക്രീനിലെത്തിച്ചു.
ആദ്യ പകുതിയിലെ ലളിതമായ കഥപറച്ചിലിലൂടെ നായകന്റെ പ്രണയവും വിവാഹവും ഔദ്യോഗിക ജീവിതവുമെല്ലാം ക്രമമായി വിവരിക്കുന്നു ചിത്രത്തില്‍. അകാരണമായ ദേഷ്യവും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളും അതിലൂടെ വരുന്ന സ്വാഭാവിക നര്‍മ്മങ്ങളുമൊക്കെ സൂക്ഷ്മമായും ഒതുക്കത്തിലും വിവരിക്കുന്നുണ്ട് ആദ്യ പകുതിയില്‍. ആ സ്വാഭാവിക ഒഴുക്കില്‍നിന്നു ചിത്രം അപ്രതീക്ഷിതമായി മറ്റൊരു തലത്തിലേക്കു സഞ്ചരിക്കുന്നു രണ്ടാം പകുതിയില്‍. പ്ലാനിങ്ങില്ലാത്ത ഒരു രാത്രി യാത്രക്കിടയില്‍ അഭിമുഖീകരിക്കുന്ന ചെറിയൊരു സന്ദര്‍ഭത്തില്‍നിന്നു ചിത്രം മറ്റൊരു ഗതി വേഗത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചടുലമായ രംഗങ്ങളും പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന അവതരണവും സസ്‌പെന്‍സുകളും നിറഞ്ഞതാണ് രണ്ടാം പകുതി.

സ്വാഭാവിക ജീവിത വഴികളിലൂടെയുള്ള അഖ്യാനങ്ങളായിരുന്നു മുന്‍ സമീര്‍ താഹിര്‍ സിനിമകളുടെ പ്രത്യേകതകള്‍. ചാപ്പാക്കുരിശും, നീലാകാശമുമെല്ലാം ക്യാമറക്ക് പിന്നില്‍നിന്നു സംവിധായകനായെത്തിയ സമീറിന്റെ പ്രതിഭയെ നമ്മള്‍ തിരിച്ചറിഞ്ഞ ചിത്രങ്ങളായിരുന്നു.
അവയോടൊപ്പം പറയാം ഇനി കലിയും. ഇനിയും മലയാളത്തിന് ഏറെ പ്രതീക്ഷിക്കാന്‍ കഴിയുന്ന സിനിമകള്‍ നല്‍കാന്‍ കഴിയും സമീറിന്. സെക്കന്റ് ഷോ എന്ന ആദ്യചിത്രത്തില്‍നിന്നു പടി പടിയായി ഏറേ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട് ദുല്‍ഖറിന്. സ്റ്റാര്‍ വാല്യൂവിനപ്പുറം ഒരു നടന്‍ എന്ന നിലയില്‍ തന്റേതായ ഇടം കണ്ടെത്താനും അഭിനയത്തികവുള്ള വേഷങ്ങളിലേക്ക് ധൈര്യമായി കാസ്റ്റ് ചെയ്യാനും പറ്റുന്ന നിലയിലേക്ക് വളര്‍ന്നു ഈ യുവാവ്. ശരീരഭാഷ കൊണ്ടും, മാനറിസങ്ങളാലും പ്രമേയമാവശ്യപ്പെടുന്ന നിലയിലേക്കു മാറിയിട്ടുണ്ട് ദുല്‍ഖര്‍. കോപാകുലനായിരിക്കുന്ന സീനുകളിലെ സൂക്ഷ്മചലനങ്ങള്‍ തൊട്ടു മുഖപേശികളില്‍ വരെയതു പ്രതിഫലിപ്പിക്കാനും, സ്വാഭാവികമായി അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് ദുല്‍ഖറിന്. മസനഗുഡി മലയാളിയായെത്തിയ സായ് പല്ലവിയുടെ തമിഴ് ചുവയുള്ള മലയാളം ആദ്യ ഘട്ടത്തില്‍ സിനിമയില്‍ അത്ര സംവേദനക്ഷമമാകുന്നില്ല. പക്ഷേ തന്റെ വേഷം ഒതുക്കത്തോടെ അവതരിപ്പിക്കാന്‍,പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ചില രംഗങ്ങളില്‍ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട്.

സൗബിന്‍ ഷാഹിറിന്റെ പ്രകാശന്‍ എന്ന കഥാപാത്രം ചിരിയുണര്‍ത്തുന്നു സിനിമയില്‍. പ്രതി നായകരായെത്തുന്ന ചെമ്പന്‍ വിനോദിന്റെ ചക്കരയും, വിനായകന്റെ ജോണിയും മികച്ചതായി. തന്റെ ചലനങ്ങള്‍ കൊണ്ടും നോട്ടം കൊണ്ടും ചിരിയിലൂടെയും ചെമ്പന്‍ തന്റെ വേഷം ഭംഗിയാക്കി. ചെറിയ റോളുകളെങ്കിലും മറ്റ് താരങ്ങളായെത്തിയ അലന്‍സിയറും, വി.കെ പ്രകാശും, വിജിലേഷും, വനിതാ കൃഷ്ണമൂര്‍ത്തിയും, അഞ്ജലിയും ഒതുക്കത്തോടെ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അത്ര കനമില്ലാത്ത ഒരു കഥയിലും മികച്ച തിരക്കഥയൊരുക്കി സിനിമയ്ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് രാജേഷ് ഗോപിനാഥിന്. സിനിമയിലെ കഥാപാത്രങ്ങളിലെ സൂക്ഷ്മമായി വിവരിക്കാന്‍ പലയിടത്തും തിരക്കഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. ബാങ്കിലെ രംഗങ്ങള്‍, ധാബയിലെ സീനുകള്‍ തുടങ്ങി പലയിടത്തും രാജേഷിന്റെ പേന സിനിമയെ സഹായിക്കുന്നു. കാമറയും സിനിമയുടെ സ്വാഭാവിക ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ പ്രേക്ഷകരെ സഹായിക്കും. പ്രത്യേകിച്ചും രണ്ടാം പകുതിയിലെ രാത്രി യാത്രയും വളഞ്ഞ് കിടക്കുന്ന റോഡുകളിലും ഇരുള്‍ വഴികളിലുമുള്ള ചേസിങ്ങുമെല്ലാം ഉദ്വേഗ ഭരിതമായി അവതരിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരന്റെ കാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളെക്കാള്‍ മികച്ചു നിന്നത് പശ്ചാത്തല സംഗീതമാണ്. ചിലയിടങ്ങളില്‍ ഉയര്‍ന്നു മുഴങ്ങുന്ന ചെണ്ടയുടെ മേളപ്പെരുക്കങ്ങള്‍ പശ്ചാത്തല സംഗീതത്തില്‍ പ്രമേയമാവശ്യപ്പെടുന്ന തീവ്രത വരുത്താനെന്നു നമുക്ക് മനസിലാക്കാം. ട്രെയിലറിലെ പശ്ചാത്തല സംഗീതം ചര്‍ച്ചയായിരുന്നെങ്കിലും സിനിമയുടെ മുന്നോട്ടുപോക്കിനെ സഹായിക്കാന്‍ ഗോപീ സുന്ദറിനു കഴിഞ്ഞിട്ടുണ്ട്. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങ് എടുത്തു പറയാവുന്നതാണ് ചിത്രത്തില്‍. കൃത്യ സമയത്തു കത്രിക വച്ച് രണ്ടു മണിക്കൂറില്‍ ചുവടെ മാത്രമുള്ള ചിത്രത്തെ മികച്ചതാക്കുന്നു ഹര്‍ഷന്‍.

അതി വൈകാരികതയില്ലാത്ത സൂക്ഷ്മമായ വിവരങ്ങളും, യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആഖ്യാനങ്ങളും സിനിമയുടെ മുന്നോട്ടുള്ള വഴികള്‍ എളുപ്പമാക്കുന്നുണ്ട്. പ്രതിനായകരെ തല്ലി തോല്‍പ്പിക്കുന്ന നായകസങ്കല്‍പ്പത്തെ പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കിലും സംഘട്ടനരംഗങ്ങള്‍ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാന്‍ സിനിമയില്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഇരുണ്ട രണ്ടാം പകുതി സിനിമയുടെ ഹൈലൈറ്റാണ്. ആഖ്യാനത്തിലെ വ്യത്യസ്തതയും സിനിമയുടെ വിജയവഴികളെ സഹായിക്കും. മീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനുമടങ്ങുന്ന സിനിമാ കൂട്ടുകെട്ട് ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറിലാണി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദ്വയാര്‍ഥപ്രയോഗങ്ങളും, കോമിക്ക് ഹാസ്യ രംഗങ്ങളുമില്ലാതെ പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവം നല്‍കാന്‍ കഴിയുന്നുണ്ട് കലിക്ക്. ഈ വര്‍ഷത്തെ വിജയചിത്രങ്ങളുടെ പട്ടികയിലെത്തും ഈ സിനിമയും വരും ദിനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News