കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍; നേട്ടം അമ്പതിനായിരാമത്തെ കോപ്പി വന്‍ തുകയ്ക്കു വിറ്റഴിച്ചതിന്

തിരുവനന്തപുരം:

കെ ആര്‍ മീരയുടെ നോവല്‍ ആരാച്ചാര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടത്തിയ ലേലത്തിലൂടെ അമ്പതിനായാരാമത്തെ കോപ്പി വന്‍തുകയ്ക്കു വിറ്റഴിച്ചതാണ് ആരാച്ചാരിനെ ലിംക റെക്കോഡ് ബുക്കിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് 23ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങിലാണ് ലേലത്തില്‍ 55000 രൂപയ്ക്കു പുസ്തകം സ്വന്തമാക്കിയ പ്രവാസി മലയാളി ബഷീര്‍ ഷംനാദിന് ആരാച്ചാരിന്റെ പ്രത്യേക പതിപ്പ് സമ്മാനിച്ചത്.

പുസ്തകത്തിന്റെ റോയല്‍റ്റി പൂര്‍ണമായി സുഗതകുമാരി നേതൃത്വം നല്‍കുന്ന സാമൂഹിക സംഘടനയായ അഭയക്കാണ് കെ ആര്‍ മീര നല്‍കിയതെന്ന പ്രത്യേകതയുമുണ്ട്. നടന്‍ മധുവാണ് പുസ്തകം ബഷീര്‍ ഷംനാദിനായി സാമൂഹിക പ്രവര്‍ത്തക കെ അജിതയ്ക്കു കൈമാറിയത്. കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്ററായിരുന്ന റിയാസ് കോമുവാണ് അമ്പതിനായിരാമത് ആരാച്ചാര്‍ കോപ്പിയുടെ കവര്‍ ഡിസൈന്‍ ചെയ്തത്. നോവലിന്റെ തുടക്കവും ഒടുക്കവും മീരയുടെ കൈയക്ഷരത്തില്‍ തന്നെ മുദ്രണം ചെയ്‌തെന്ന സവിശേഷതയും ഈ കോപ്പിക്കുണ്ടായിരുന്നു. പാര്‍ച്ച്മെന്റ് പേപ്പറില്‍ കെ.ആര്‍.മീരയുടെ കൈയൊപ്പോടും ഭാഗ്യനാഥിന്റെ പെയ്ന്റിങുകളോടും കൂടി ലതര്‍ ബൗണ്ടായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനൊപ്പം കവര്‍ അച്ചടിക്കാന്‍ ഉപയോഗിച്ച 4 പ്ലേറ്റുകള്‍ റിയാസ് കോമുവിന്റെ കൈയൊപ്പോടു കൂടി അജിതയ്ക്ക് കൈമാറി.

2012 നവംബറില്‍ പ്രസിദ്ധീകരിച്ച ആരാച്ചാര്‍ മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന കൃതിയാണ്. അമ്പതിനായിരാമത്തെ കോപ്പി പതിനഞ്ചാമത്തെ പതിപ്പായി പ്രത്യേകമായാണു തയാറാക്കിയത്. ഇപ്പോള്‍ 23-ാമത്തെ പതിപ്പാണു വിപണിയിലുള്ളത്. മലയാളത്തിലെ പ്രമുഖമായ വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ആരാച്ചാര്‍ സ്വന്തമാക്കിയിരുന്നു. ഡോ. ജെ ദേവിക പരിഭാഷ നിര്‍വഹിച്ച് ‘ഹാങ് വുമണ്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പതിപ്പും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. തെക്കനേഷ്യന്‍ സാഹിത്യത്തിലെ പ്രമുഖമായ ഡി എസ് സി പുരസ്‌കാരത്തിന്റെ അവസാന ചുരുക്കപ്പട്ടികയില്‍ ഹാങ് വുമണ്‍ ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News