യുവരാജിനെ ധോണി തരംതാഴ്ത്തിയത് എന്തിന്; യുവിയുടെ പ്രതിഭയെ മറയ്ക്കാന്‍ ധോണിക്കാവില്ല; ധോണിയെ തെറി വിളിച്ച് യോഗ്‌രാജ് സിംഗ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിക്ക് എതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗ്. ട്വന്റി – 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ യുവരാജ് സിംഗിന് പന്തെറിയാന്‍ അവസരം നല്‍കാത്ത ധോണിയുടെ നിലപാടിന് എതിരെയാണ് യോഗ്‌രാജ് സിംഗ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ധോണിയുടെ നിലപാടിനെതിരെ അശ്ലീലപദമുപയോഗിച്ചാണ് യുവരാജിന്റെ അച്ഛന്റെ രൂക്ഷവിമര്‍ശനം.

ഇന്ത്യന്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത് എന്ന് യോഗ്‌രാജ് ചോദിക്കുന്നു. ക്യാപ്ടന്‍ എന്ന നിലയില്‍ എന്ത് തെളിയിക്കാനാണ് ധോണി ശ്രമിക്കുന്നത്. മകനെതിരായ ധോണിയുടെ നിലപാടില്‍ അതിയായ വേദനയുണ്ട്. ഇന്ത്യന്‍ ടീമില്‍നിന്ന് യുവിയെ ഒഴിവാക്കിയതെന്തിന്. 2014ലെ ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് ട്വന്റി – 20 ഫൈനല്‍ മത്സരമാണോ ഇതെന്നും യോഗ്‌രാജ് ചോദിക്കുന്നു.

രാജ്യത്ത് പതിനായിരം ക്രിക്കറ്റ് താരങ്ങളുണ്ട്. അവരൊന്നും എല്ലാ ദിനവും മികച്ച കളിക്കാരല്ല. വീണ്ടും വീണ്ടും മോശം പ്രകടനമാണ് അവരെല്ലാം കാഴ്ചവെയ്ക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണരുത് എന്നും യോഗ്‌രാജ് വിമര്‍ശിക്കുന്നു. ദേശീയ മാധ്യമമായ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗ് രാജിന്റെ വിമര്‍ശനം.

മികച്ച ക്യാപ്ടനായ അശോക് മങ്കാദിന്റെ കീഴില്‍ കളിച്ചിട്ടുള്ളയാളാണ് ഞാന്‍. ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയാം. രണ്ട് വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും യുവരാജ് തിരിച്ചുവരവ് മികച്ചതാക്കി. യുവരാജില്‍നിന്ന് ധോണി ചിലത് പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു. പക്ഷേ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴാം നമ്പറിലേക്ക് യുവരാജിനെ തള്ളിയിട്ടു. ഇത് എന്തിന് വേണ്ടിയായിരുന്നു. ധോണി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും യോഗ്‌രാജ് ചോദിക്കുന്നു.

ബാറ്റിംഗ് പൊസിഷന്‍ താഴ്ത്തിയതുകൊണ്ടൊന്നും യുവരാജിന്റെ പ്രതിഭയെ മറയ്ക്കാനാവില്ല. ഇത് പലതവണയാകുമ്പോഴാണ് ചോദ്യമുയരുന്നത്. ഇത് ക്രിക്കറ്റിന്റെ ഭാഗമല്ല. എന്താണ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് ക്യാപ്ടന് നല്ല ബോധ്യമുണ്ടായിരിക്കണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തുറന്ന് പറയുകയാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ പെരുമാറിയാല്‍ അത് ടീമിനെ തന്നെ തകര്‍ക്കും. 2011ലെ ലോകകപ്പില്‍ യുവരാജ് 15 വിക്കറ്റ് നേടിയത് ഓര്‍മ്മിക്കണം. ഇത്രയും അനുകൂലമായ വിക്കറ്റില്‍ എന്ത്‌കൊണ്ട് അവസരം നല്‍കുന്നില്ല എന്നതാണ് പ്രശ്‌നം. ലോകം ഇത് മുഴുവന്‍ കാണുന്നുണ്ട്. – യോഗ്‌രാജ് കൂട്ടിച്ചേര്‍ക്കുന്നു.

2015ലെ ലോകകപ്പ് ടീമില്‍നിന്ന് യുവരാജ് ഒഴിവാക്കപ്പെട്ടത് ധോണിയുടെ ഇടപെടല്‍ മൂലമാണ് എന്ന് യോഗ് രാജ് ആക്ഷേപം ഉന്നയിക്കുന്നു. ധോണി ഒന്നുമല്ല. മാധ്യമങ്ങളാണ് ധോണിയെ ദൈവമായി ഉയര്‍ത്തിക്കാട്ടുന്നത്. അര്‍ഹിക്കാത്ത കിരീടമാണ് ധോണിക്ക് മാധ്യമങ്ങള്‍ അണിയിച്ചു കൊടുത്തത്. ഒരുകാലത്ത് ഒന്നുമല്ലാതിരുന്ന ധോണി ഇന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ വന്ന് മാധ്യമങ്ങളെ വിമര്‍ശിക്കുന്നു. മാധ്യമങ്ങള്‍ക്കും കൈയടിക്കുന്ന ജനങ്ങള്‍ക്കും എതിരെ നോക്കി പരിഹസിക്കുകയാണ് ധോണി എന്നും യോഗ്‌രാജ് സിംഗ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here