ബംഗ്ലദേശില്‍ ചീഫ് ജസ്റ്റിസിനെ അപമാനിച്ച് പ്രസ്താവന നടത്തിയ രണ്ട് മന്ത്രിമാര്‍ക്ക് ശിക്ഷ; 50,000 ഥാക വീതം പിഴയടയ്ക്കണം

ധാക്ക: ബംഗ്ലദേശ് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനെ അപമാനിച്ച പ്രസ്താവനയിറക്കിയ രണ്ട് മന്ത്രിമാര്‍ക്ക് കോടതിയുടെ ശിക്ഷ. 50,000 ഥാക വീതം പിഴയടയ്ക്കാനാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. 1971ലെ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട കേസിനോട് അനുബന്ധിച്ച് അധിക്ഷേപിച്ച് പ്രസ്താവന നടത്തിയതിനാണ് പിഴ ശിക്ഷ വിധിച്ചത്. 1971ലെ വിമോചനയുദ്ധവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ആയിരുന്നു മന്ത്രിമാരുടെ വിവാദ പ്രസ്താവന.

ഗുരുതരമായ കുറ്റമാണ് മന്ത്രിമാര്‍ ചെയ്തതെന്ന് ബംഗ്ലദേശ് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്തവര്‍ അത് ലംഘിക്കുകയാണെന്നും കോടതി പറഞ്ഞു. ഭക്ഷ്യമന്ത്രി ഖ്വമറുല്‍ ഇസ്ലാം, വിമോചനയുദ്ധ അനുബന്ധ വകുപ്പ് മന്ത്രി മൊസമ്മല്‍ ഹഖ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇരുവരെയും നേരിട്ട് വിളിച്ച് വരുത്തിയാണ് സുപ്രീംകോടതി ഫുള്‍ബഞ്ചിന്റെ ശിക്ഷാവിധി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയാണ് വിധി പ്രസ്താവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here