സെമി ലൈനപ്പായി; ഇന്ത്യയുടെ എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്; ന്യൂസിലന്‍ഡിനെ നേരിടുന്നത് ഇംഗ്ലണ്ട്

ട്വന്റി – 20 ലോകകപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമി ഫൈനല്‍ ബുധനാഴ്ച ദില്ലിയില്‍ നടക്കും. രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച മുംബൈയാണ് രണ്ടാം സെമി ഫൈനലിന് വേദിയാവുക.

ഗ്രൂപ്പ് ഒന്നില്‍ നാല് കളികളില്‍നിന്ന് മൂന്ന് ജയവുമായാണ് വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍ കടന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ കരുത്തരായ ടീമുകളെ തോല്‍പ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനായി. ലീഗ് മത്സരങ്ങളില്‍ ആകെ ഒരു തോല്‍വി മാത്രമാണ് വിന്‍ഡീസിന് നേരിടേണ്ടി വന്നത്. അതും ക്രിക്കറ്റിലെ നവജാതരായ അഫ്ഗാനിസ്താനെതിരെ. ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് തന്നെയാണ് വിന്‍ഡീസിന് കരുത്ത് പകരുന്നത്.

ഗ്രൂപ്പില്‍ രണ്ടാമതായാണ് ഇംഗ്ലണ്ട് ടീം സെമിയിലെത്തുന്നത്. നാല് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയമാണ് ഇംഗ്ലീഷ് പടയുടെ സമ്പാദ്യം. തോറ്റത് വിന്‍ഡീസിനെതിരെ മാത്രം. എന്നാല്‍ ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലണ്ടിനായി. അതുതന്നെയാണ് ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നതും.

ഗ്രൂപ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് ടീം സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. തോല്‍വി അറിയാതെയാണ് കിവീസിന്റെ സെമി പ്രവേശം. ടൂര്‍ണമെന്റില്‍ പരാജയം അറിയാത്ത ഏക ടീമും ന്യൂസിലന്‍ഡാണ്. സെമി ഫൈനലിസ്റ്റുകളില്‍ മികച്ച റണ്‍ നിരക്ക് ഉള്ള ടീമും കിവികളാണ്. ഇരുവരെ ലോകകപ്പ് ഉയര്‍ത്താത്ത ഏക ടീമും ന്യൂസിലന്‍ഡാണ്.

ഗ്രൂപ് രണ്ടില്‍ രണ്ടാമതായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ പാകിസ്താനെതിരെ മഴനിയമത്തിന്റെ പിന്‍ബലത്തിലാണ് ജയിച്ചത്. നൂലിഴ വ്യത്യാസത്തിലായിരുന്നു വിജയം. ബംഗ്ലാദേശിനെതിരെ ഒരു റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. അവസാന ലീഗ് മത്സരത്തില്‍ ഓസീസിനെതിരെ കളിച്ച് ജയിക്കാനായതാണ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. സെമി ഫൈനലിസ്റ്റുകളില്‍ മൈനസ് റണ്‍റേറ്റിലുള്ള ഏക ടീമും ഇന്ത്യയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News