സ്ഥാനാര്‍ത്ഥി പട്ടികയുമായി ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും ദില്ലിയിലേക്ക്; അന്തിമ രൂപം മൂന്നുദിവസത്തിനുള്ളില്‍

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കാനായി എഐസിസി സ്‌ക്രീനിങ്ങ് സമിതി ഇന്ന് വൈകുന്നേരം യോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്തുന്നത്.

തുടര്‍ച്ചയായി നാലു തവണയില്‍ കൂടുതല്‍ മത്സരിച്ചവരെ ഒഴിവാക്കുന്നതുള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മാനദണ്ഡം വേണമെന്ന് സൂധീരന്‍ ആവശ്യപ്പെടും.

82 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് സംസ്ഥാന നേതൃത്വം ഇന്ന് കമ്മറ്റിക്ക് കൈമാറുക. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി , രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും ഒന്നില്‍ കൂടുതല്‍ പേരുള്ള പാനലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി തയ്യാറാക്കിയിട്ടുള്ളത്. തുടര്‍ച്ചയായി നാലുതവണയില്‍ കൂടുതല്‍ മത്സരിച്ചവരെ ഒഴിവാക്കുക, ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സുധീരന്‍ സ്‌ക്രിനിങ്ങ് കമ്മറ്റിക്ക് മുന്‍പാകെ വയ്ക്കും. സുധീരന്റെ നിലപാടുകള്‍ക്കെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്.വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കേണ്ടത് എന്ന നിലപാടായിരിക്കും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ട്് വയ്ക്കുന്നത്.

സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതിയും നല്‍കിയിട്ടുണ്ട്. ഉറച്ച സീറ്റുകളില്‍ പോലും ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ച് സുധീരന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുയെന്നാണ് ഇവരുടെ പരാതി. സ്‌ക്രീനിങ്ങ് കമ്മറ്റിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ചുരുക്കപ്പട്ടിക സോണിയ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel