എച്ച്‌സിയു വിദ്യാര്‍ത്ഥികളുടെ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍; ജാമ്യം അനുവദിക്കരുതെന്ന് തെലുങ്കാന പൊലീസ്; ക്യാമ്പസുകളില്‍ ഇന്ന് എസ്എഫ്‌ഐ ഐക്യദാര്‍ഢ്യദിനം

ദില്ലി: ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് 25 വിദ്യാര്‍ത്ഥികളുടേയും രണ്ട് അധ്യാപകരുടേയും അപേക്ഷ കോടതി പരിഗണിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വിസിയുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞു, ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് തെലങ്കാന പൊലീസ് കോടതിയില്‍ ആവശ്യപെടും.

രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാധിയായ വിസി അപ്പാറാവു ചുമതല തിരികെ ഏല്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ അറിയിക്കും. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസ് സന്നാഹത്തെ സര്‍വ്വകലാശലയില്‍ നിന്ന് മാറ്റിയിട്ടുണ്ടെങ്കിലും നൂറ് കണക്കിന് പൊലീസുകാരാണ് സര്‍വ്വകലാശാലയ്ക്ക് സമീപത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

വിസി പ്രഖ്യാപിച്ച നാല് ദിവസത്തെ അവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. ഇന്ന് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിസിയെ പുറത്താക്കിയിലെങ്കില്‍ അഖിലേന്ത്യാ പഠിപ്പ് മുടക്കിലേക്ക് കടക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ജെഎന്‍യുവില്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിഷേധ റാലി നടത്തും. സര്‍വകലാശാലയില്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്‌ലി പറഞ്ഞു. ഒരു സംഘം ജിഹാദികള്‍ നടത്തുന്ന തീവ്ര-ഇടതു പ്രവര്‍ത്തനമാണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രതികരണം.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാന്‍ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അഭ്യര്‍ഥിച്ചു. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ നിലപാടാണ് വിസി അപ്പാറാവുവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യക്കു കാരണക്കാരനായ വിസി അധികാരത്തില്‍ തുടരുന്നത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പിന്തുണക്കുന്നതുകൊണ്ടാണ്. സര്‍വകലാശാലയിലെ അതിക്രമം മുഴുവന്‍ ആസൂത്രിതനീക്കത്തിന്റെ ഫലമാണെന്നതിനുള്ള തെളിവുകളാണ് ഒരോദിവസവും പുറത്തുവരുന്നത്. ഹൈദരാബാദിലെ പോരാടുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവും ജനറല്‍ സെക്രട്ടറി വിക്രംസിങ്ങും അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News