ഐസിസ് മാലദ്വീപിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു; യുവാക്കളെ കേരളത്തില്‍ എത്തിച്ച ശേഷം സിറിയയിലേക്ക് കടത്തുന്നതായി വിവരം

തിരുവനന്തപുരം: തീവ്രാവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാലദ്വീപില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. മാലദ്വീപില്‍ നിന്ന് പലഘട്ടങ്ങളിലായി ഇരുനൂറോളം യുവാക്കളെ പരിശീലനത്തിനായി സിറിയയിലേക്ക് കടത്തിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവരില്‍ പലരെയും കേരളത്തില്‍ എത്തിച്ച ശേഷമാണ് സിറിയയിലേക്ക് കടത്തിയത്. മാലദ്വീപില്‍ നിന്ന് കൊളംബോ വഴിയാണ് കൂടുതല്‍ പേരും സിറിയയിലേക്ക് കടന്നത്. നേരിട്ട് സിറിയയിലേക്ക് വിടാതെ മറ്റൊരു രാജ്യത്ത് എത്തിച്ച ശേഷം അവിടെ നിന്ന് സിറിയയിലേക്ക് കടത്തുന്നതാണ് ഐഎസിന്റെ രീതി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനമാണ് മാല ദ്വീപുകാര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ മാലദ്വീപില്‍ നിന്ന് കേരളത്തിലേക്ക് എത്താനും വളരെ എളുപ്പമാണ്. ചില സംഘങ്ങളെ കേരളത്തില്‍ എത്തിച്ച ശേഷം ബംഗളുരു, ദില്ലി വിമാനത്താവളങ്ങള്‍ വഴി വിദേശരാജ്യങ്ങളിലെത്തിച്ച് സിറിയയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പരിശീലനത്തിനിടയില്‍ സിറിയയില്‍ നിന്ന് ഒളിച്ചോടി മാലദ്വീപില്‍ തിരിച്ചെത്തിയ ചിലരില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറ്റയ്ക്ക് ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനവും ഐസിസ് ചിലര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇക്കൂട്ടരെയാണ് മനുഷ്യ ബോംബായി മാറ്റുന്നത്. ‘ലോണ്‍ വൂള്‍ഫ്’ എന്നാണ് ഇവര്‍ ഐസിസില്‍ അറിയപ്പെടുന്നത്. മതപരമായ വിഷയങ്ങളില്‍ കൂടുതല്‍ ആഭിമുഖ്യമുണ്ടാക്കി ഇവരെ ബ്രെയിന്‍ വാഷിംഗ് നടത്തി പ്രത്യേക മനോനിലയിലെത്തിക്കും. ഇവരെയാണ് ലോണ്‍ വൂള്‍ഫുകളാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel