പാലക്കാട് സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

പാലക്കാട്: മലമ്പുഴ കടുക്കാംകുന്നില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ആണ് വിധി പറഞ്ഞത്. ഇവര്‍ക്കുളള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

2007 ഒക്ടോബര്‍ 29ന് സിപിഐഎം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. മലമ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു. ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ മണികണ്ഠന്‍, രാജേഷ്,
മുരുകദാസന്‍, അഞ്ചാം പ്രതി സുരേഷ്, ഏഴാം പ്രതി ഗിരീഷ് എന്നിര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല്, ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചനക്കാരായ ഇവര്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിനോദ് കൈനാട്ട് പറഞ്ഞു.

മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. ഒരു വിവാഹ പാര്‍ട്ടി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നതിനിടെ പതിയിരുന്ന ആര്‍എസ്എസ് സംഘം രണ്ട് പേരേയും മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. കടുക്കാംകുന്ന് നിലംപതി പാലത്തില്‍ വെച്ചായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here