വെല്‍ഡിംഗ് ജോലി; കൈയിലുള്ളത് രണ്ടു മൊബൈല്‍ ഫോണ്‍; ഒന്ന് അമര്‍ത്തിയാല്‍ ഇടത്തോട്ടും മൂന്നില്‍ വലത്തോട്ടും തിരിയും; രാജസ്ഥാന്‍കാരന്‍ ഗോവിന്ദിന്റെ സെല്‍ഫ് ഡ്രൈവിംഗ്കാറിന്റെ വിശേഷങ്ങള്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഗോവിന്ദിന് ഗൂഗിളിനെക്കുറിച്ചോ ഗൂഗിള്‍ നിരത്തിലിറക്കാനാലോചിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറിനെക്കുറിച്ചോ അറിയില്ല. ഒരു കാര്യം അറിയാം, തനിക്കും സെല്‍ഫ് ഡ്രൈവിംഗ് കാറുണ്ടാക്കാമെന്ന്. കൈയിലുള്ള രണ്ടു മൊബൈല്‍ ഫോണുകളുപയോഗിച്ചു നിയന്ത്രിക്കുന്ന സെല്‍ഫ്‌ഡ്രൈവിംഗ് കാര്‍ തയാറാക്കിയാണ് ഇരുപത്തഞ്ചുകാരനായ ഗോവിന്ദ് ഗേലോട്ട് ശ്രദ്ധേയനാകുന്നത്.

ഡ്രൈവറില്ലാതെ ഓടുന്ന കാറിനെക്കുറിച്ചു കണ്ട സ്വപ്‌നമാണ് ഗോവിന്ദ് ഗേലോട്ടിനെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. സ്വപ്‌നം കണ്ടശേഷം തനിക്കുറങ്ങാനായില്ലെന്നും ഡ്രൈവറില്ലാത്ത കാറിനായി താന്‍ വീട്ടില്‍നിന്ന് അകന്നു വര്‍ക്ഷോപ്പില്‍ താമസിക്കുകയായിരുന്നെന്നും ഗോവിന്ദ് പറയുന്നു. ചായനിലുള്ള സ്വന്തം വെല്‍ഡിംഗ് ഷോപ്പില്‍നിന്നുള്ള വരുമാനം മുഴുവന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് ഗോവിന്ദ് ഉപയോഗിച്ചിരുന്നത്.

മാരുതി ഓള്‍ട്ടോ കാറാണ് സെല്‍ഫ്‌ഡ്രൈവിംഗ് കാറാക്കി മാറ്റിയത്. സ്റ്റിയറിംഗ് നിയന്ത്രിക്കാനായി ഒരു മൊബൈല്‍ ഫോണും പെഡലുകള്‍ നിയന്ത്രിക്കാനായി മറ്റൊരു മൊബൈല്‍ ഫോണുമാണ് സജ്ജമാക്കിയിരിക്കുന്നത്. സ്റ്റിയറിംഗിനായുള്ള മൊബൈല്‍ ഫോണിലെ ഒന്നാം നമ്പര്‍ കീയില്‍ അമര്‍ത്തിയാല്‍ കാര്‍ ഇടത്തോട്ടു തിരിയും. മൂന്നില്‍ അമര്‍ത്തിയാല്‍ വലത്തോട്ടും. പെഡലിനായുള്ള മൊബൈലിലെ അഞ്ചില്‍ അമര്‍ത്തിയാല്‍ ക്ലച്ചും ആറില്‍ ബ്രേക്കും പ്രവര്‍ത്തിക്കും. ഫസ്റ്റ് ഗിയറില്‍ മാത്രമേ കാര്‍ ഓടൂ.

വളരെ സാധാരണമായി ലഭിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ചാണു താന്‍ കാര്‍ നിര്‍മിച്ചിരിക്കുന്നതെന്നും കൂടുതല്‍ സാങ്കേതിക സഹായംലഭിച്ചാല്‍ മികച്ചൊരു മോഡല്‍ നിര്‍മിക്കാന്‍ കഴിയുമെന്നുമാണു ഗോവിന്ദിന്റെ പ്രതീക്ഷ. ഇപ്പോള്‍ കണ്‍വെട്ടത്തുകൂടി മാത്രമേ കാര്‍ ഓടിക്കാനാകൂ. മാത്രമല്ല, ഫോണില്‍നിന്നു സന്ദേശം കാറിലെത്തി പ്രവര്‍ത്തിക്കാന്‍ മൂന്നു സെക്കന്‍ഡിന്റെ സമയം വേണ്ടിവരും. ഫോര്‍ജി വരുന്നതോടെ ഇതു പരിഹരിക്കപ്പെടുമെന്നാണ് ഗോവിന്ദ് കരുതുന്നത്. ഇന്ത്യയിലെ സാഹചര്യത്തിന് അനൂകൂലമായ കണ്ടെത്തലാണ് ഗോവിന്ദയുടേതെന്നും നല്ല കണ്ടുപിടിത്തമാണെന്നും കാര്‍ദേഖോ ഡോട്ട് കോമിന്റെ സിഇഒ അമിത് ജെയിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News