ഫാദര്‍ ടോം ഉഴുനാലിലിനെ ഐഎസ് ഭീകരര്‍ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊന്നതായി റിപ്പോര്‍ട്ട്; രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് ക്രൈസ്തവ സഭയും കേന്ദ്രസര്‍ക്കാരും

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ കൊന്നതായി റിപ്പോര്‍ട്ട്. ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ബാംഗ്ലൂരിലെ സലെസിയന്‍ ഓര്‍ഡറിലെ അംഗവും കോട്ടയം രാമപുരം ഉഴുനാലില്‍ കുടുംബാംഗവുമാണ് ഫാദര്‍ ടോം ഉഴുനാലില്‍.

എന്നാല്‍ ഫാദര്‍ ടോം കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അന്തര്‍ദേശീയ മാധ്യമങ്ങല്‍ പുറത്തുവിട്ട വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യാന്തരമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വത്തിക്കാനും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഫാദര്‍ ടോമിനെ വധിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് അബുദാബി ആര്‍ച് ബിഷപ് ബിഷപ് പോള്‍ ഹിന്‍ഡര്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചു.

ഐസിസ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതായതോടെ വിശ്വാസി സമൂഹം ആശങ്കയിലാണ്. ഇതിനിടയിലാണ് വൈദികന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവരുന്നത്. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായുള്ള ഒരു വീട്ടില്‍ നാല് ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ദിയാക്കിയത്. ആക്രമണത്തില്‍ നാല് കന്യാസ്ത്രീകളടക്കമുള്ള 16 പേര്‍ കൊല്ലപ്പെട്ടു. വൈദികനെ തട്ടിക്കൊണ്ടു പോയത് ഐഎസ് ആണ് എന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

ആക്രമണത്തിന് പുറകില്‍ ഐഎസ് ആണെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ സ്ഥിരീകരിച്ചു. ഇതുവഴിയാണ് സംഭവം പുറം ലോകമറിയുന്നത്. വൈദികനെ തീവ്രവാദികള്‍ കടുത്ത പീഡനത്തിന് വിധേയനാക്കിയെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേര്‍സ് സീസന്‍ ആണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമില്‍ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണ്. അദ്ദേഹത്തെ കടുത്ത രീതിയില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ കുരിശിലേറ്റി വധിക്കുമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. അതുകൊണ്ട് വൈദികന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്തുത പോസ്റ്റ് ആവശ്യപ്പെടുന്നു. എന്നാല്‍ ഫേസ്ബുക് പോസ്റ്റ് നിഷേധിച്ച് ഫാദര്‍ ടോമിന്റെ സിലെസിയന്‍ ഓര്‍ഡറിലെ അംഗങ്ങള്‍ രംഗത്തെത്തി. ഫാദര്‍ ടോമിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിലെസിയന്‍സ് ബാംഗ്ലൂര്‍ പ്രൊവിന്‍സ് പ്രതികരിച്ചത്.

ആക്രണം നടത്തിയതും ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റര്‍ സിസിലിയാണ് വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന എല്ലാവരെയും ഐസിസുകാര്‍ വധിച്ചു. ഒരു വാതിലിന് പുറകില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. ഭീകരര്‍ ഓരോരുത്തരെയായി മരത്തില്‍ കെട്ടിയിട്ട് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നു. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന് സൂചന ലഭിച്ച ഭീകരര്‍ തനിക്ക് വേണ്ടി എല്ലായിടത്തും പരതി. സിസിലിയെ തേടി ഐസിസുകാര്‍ മൂന്ന് വട്ടം റഫ്രിജറേറ്റര്‍ റൂമിലേക്ക് വന്നു. എന്നാല്‍ ഒളിച്ചിരുന്നതിനാല്‍ ഭാഗ്യംകൊണ്ട്മാത്രമാണ് രക്ഷപെടാന്‍ സാധിച്ചത് എന്നും കന്യാസ്ത്രീ ഒരു റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here