ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. 25 പേര്‍ വിദ്യാര്‍ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. കഴിഞ്ഞദിവസം വൈസ് ചാന്‍സലര്‍ ഡോ. അപ്പറാവു അവധി കഴിഞ്ഞു ചുമതലയേല്‍ക്കാന്‍ എത്തിയ ദിവസം കാമ്പസില്‍ പൊലീസ് നടത്തിയ നരവേട്ടയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ഡോ. അപ്പറാവുവിനെ എച്ച്‌സിയുവിന്റെ വിസി സ്ഥാനത്തു തുടരാന്‍ അനുവദിക്കില്ലെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്. കഴിഞ്ഞദിവസം അപ്പറാവു ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ എതിര്‍പ്പുമായി വിദ്യാര്‍ഥികള്‍ എത്തുകയായിരുന്നു. എസ്എഫ്‌ഐ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് കാമ്പസിലെ വിസിയുടെ താമസസ്ഥലത്തേക്കു പ്രതിഷേധവുമായി എത്തിയത്. ഇവിടെ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ തടയുകയായിരുന്നു.

വിസി അപ്പറാവു കാമ്പസില്‍നിന്നു പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു പൊലീസ് വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിരവധി വിദ്യാര്‍ഥികളെ പൊലീസ് കാമ്പസിനുള്ളിലും പുറത്തുവച്ചും ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടികളെ അടിവയറ്റില്‍ ചവിട്ടി. പലരെയും ബലാത്സംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. കാമ്പസില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിന്നിരുന്നത്. ഹോസ്റ്റലുകളില്‍ ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. കാമ്പസിലേക്കു മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു പ്രവേശനവും നിഷേധിച്ചു.

പൊലീസ് നടപടിക്കെതിരേയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരേയും കടുത്ത പ്രതിഷേധമാണ് ദേശീയതലത്തില്‍ ഉയര്‍ന്നത്. വിസി അപ്പറാവുവിനെ മാറ്റണമെന്ന നിലപാടിലാണ് തെലങ്കാന സര്‍ക്കാര്‍. ഇന്നു കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ എതിര്‍ക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here