തൃശൂര്‍: കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഎ റഷീദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണ് പ്രതിയെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് തൃശൂര്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
അയ്യന്തോളിലെ ഫ് ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദ്. കൊലപാതകത്തിന് ശേഷം ഭരണ സ്വാധീനം സ്വാധീനം ഉപയോഗപ്പെടുത്തി ഒളിവില്‍ പോയ റഷീദ് 22ന് പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങി. ഷൊര്‍ണൂരില്‍ ഒരു വധശ്രമക്കേസില്‍ പ്രതിയായതിനാലാണ് റഷീദ് പാലക്കാട് അതിവേഗ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ കോടതി റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പാലക്കാട് കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ അപേക്ഷയെ തുടര്‍ന്ന് തൃശൂര്‍ പൊലീസിന് വിട്ടുനല്‍കി. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിനായി റഷീദിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കൊലപാതക ശേഷം വിഎ റഷീദിനെയും കൂട്ടുപ്രതികളെയും രക്ഷപെടാന്‍ സഹായിച്ച കെപിസിസി മുന്‍ സെക്രട്ടറി എംആര്‍ രാംദാസ് റിമാന്‍ഡിലാണ്. പ്രതികളെ രക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും രാംദാസ് ശ്രമിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
മാര്‍ച്ച് മൂന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശനെ റഷീദും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. റഷീദിന്റെ കാമുകി ശാശ്വതിയുമായുള്ള രഹസ്യബന്ധത്തെ ചൊല്ലിയാണ് കൊലപാതകം നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എയും റഷീദും പങ്കാളികളായ കൂട്ടുകച്ചവടമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപണമുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം റഷീദിനെയും രാംദാസിനെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Get real time update about this post categories directly on your device, subscribe now.
Discussion about this post