പതിനഞ്ചാം വയസില്‍ അച്ഛന്റെ അടി വാങ്ങി വീട്ടില്‍നിന്നിറങ്ങി; ജീവിക്കാന്‍ മോശമായ പലതും ചെയ്തു; അന്നും ഇന്നും റിബലായി ദേശീയ പുരസ്‌കാരത്തിലേക്ക് കങ്കണ റണൗത്ത് നടന്നെത്തിയ വഴി

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മുഖമടച്ച് ആ അടി കൊടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ കങ്കണ റണൗത്ത് എന്നൊരു പേരുപോലും കേള്‍ക്കില്ലായിരുന്നു. മണാലിയിലെ സുരജ്പുര്‍ താഴ്‌വാരത്തിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച കങ്കണ കുട്ടിക്കാലത്തേ അങ്ങനെയായിരുന്നു. തനി റിബല്‍. ഇന്നും മാറ്റമൊന്നുമില്ല. താനൊന്നു തീരുമാനിച്ചാല്‍ തീരുമാനിച്ചതുതന്നെയാണ്. അങ്ങനെയാണ് മെഡിസിന്‍ പഠനം വേണ്ടെന്നുവച്ചതിന് അച്ഛന്റെ അടികിട്ടിയ കവിളുമായി കങ്കണ വീട്ടില്‍നിന്നിറങ്ങിയത്. ആ നടപ്പ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രൗഢമായ സിനിമാ അവാര്‍ഡിലെത്തിയിരിക്കുന്നു.

വീട്ടില്‍നിന്നു പുറത്തേക്ക്

അന്നു കങ്കണയ്ക്കു പതിനഞ്ചു കഴിഞ്ഞതേയുള്ള. പതിനാറായിട്ടില്ല. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മകളെ ഡോക്ടറാക്കാനായിരുന്നു അച്ഛനും അമ്മയ്ക്കും താല്‍പര്യം. അതിനായി ചണ്ഡീഗഡിലെ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ കലയോടായിരുന്നു കുഞ്ഞു കങ്കണയ്ക്ക് ഇഷ്ടം. കല, സംസ്‌കാരം എന്നൊക്കെ കേട്ടാല്‍ ജീവന്‍കളയും. അങ്ങനെ കങ്കണ ചണ്ഡീഗഡിലെ സ്‌കൂളിനോടു വിടപറഞ്ഞു ദില്ലിയില്‍ ശില്‍പകല പഠിക്കാന്‍ പോകണം എന്നു തീരുമാനിച്ചു. ഇതറിഞ്ഞ അച്ഛന്‍ അമര്‍ദീപ് റണൗത്ത് വിട്ടുകൊടുക്കാന്‍ തയാറായില്ല. അച്ഛനും മകളും വാക്കുതര്‍ക്കമായി. അച്ഛന്റെ അടി മകളുടെ കവിളില്‍ വീണു. ആ നിമിഷം കങ്കണ തന്റെ വഴി തീരുമാനിച്ചു. അടിച്ചാല്‍ തിരിച്ചടിക്കുമെന്നു പറഞ്ഞ് കങ്കണ നിന്നു. വീട്ടില്‍നിന്ന് ഇറങ്ങിക്കോളാനായിരുന്നു അച്ഛന്റെ കല്‍പന.

വ്യത്യസ്തയായ ഒരാളാകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്ന കങ്കണ വീടുവിടാന്‍ തീരുമാനിച്ചു. എല്ലാവരോടും പറഞ്ഞ്, സാധനങ്ങളെല്ലാം ബാഗിലാക്കി അവള്‍ വീടിന്റെ പടിയിറങ്ങി. ഡോക്ടറാകുന്നത് നല്ല കാര്യമാണ്, തനിക്ക് അത് ആലോചിക്കാന്‍ വയ്യെന്നായിരുന്നു കങ്കണയുടെ മറുപടി. എവിടേക്കാണ് പോകുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍ ലോകം വഴികാണിക്കുമെന്ന ചൊല്ലില്‍ വിശ്വസിച്ചായിരുന്നു വീടിനോട് യാത്രപറഞ്ഞ് കങ്കണ നടന്നത്. വീട്ടില്‍നിന്ന് ഒരു ചില്ലി കാശും കിട്ടിയില്ല. ഒരു രൂപ പോലുമില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിയ കങ്കണ നേരേ പോയത് ചണ്ഡീഗഡിലെ സുഹൃത്തിന്റെ അടുത്തേക്ക്. കൂട്ടുകാരിയുടെ കൂടെ കുറച്ചുദിവസം ചണ്ഡീഗഡിലെ വീട്ടില്‍. അവിടെനിന്നു രണ്ടുപേരും കൂടി ദില്ലിക്കു വണ്ടികയറി. മോഡലിംഗ് തൊഴിലായി സ്വീകരിച്ചു. പല ദിവസവും പട്ടിണി. മോഡലിംഗില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു ദിവസങ്ങള്‍ തള്ളി നീക്കി. ചില ദിവസങ്ങളില്‍ ബ്രഡും അച്ചാറും മാത്രമായിരുന്നു ഭക്ഷണം. അതിനിടെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററിലെ അസ്മിത നാടകസംഘത്തില്‍ ചേര്‍ന്നു.

ജീവിക്കാന്‍ മോശം വഴിയിലൂടെ നടന്നു

പലപ്പോഴും ഭക്ഷണത്തിനും താമസത്തിനും ആ പ്രായത്തിലും പെണ്‍കുട്ടിക്കു ചെയ്യാന്‍ കഴിയുന്ന എല്ലാ മോശമായ കാര്യവും താന്‍ ചെയ്തു എന്നു തുറന്നുപറയുന്നുണ്ട് കങ്കണ. മകളുടെ അവസ്ഥയെക്കുറിച്ചറിഞ്ഞ് അച്ഛന്‍ ദില്ലിയിലെത്തി അമ്പതിനായിരം രൂപ നല്‍കിയെങ്കിലും കങ്കണ അതു വാങ്ങിയില്ല. പണം വാങ്ങാതിരുന്നതോടെ അച്ഛനും മകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. അസ്മിത നാടകസംഘത്തിനൊപ്പം കുറച്ചുകാലം കൂടി കഴിഞ്ഞു. നാടകത്തിനായി മാത്രമുള്ളതല്ല തന്റെ ജീവിതം എന്നു കങ്കണ പെട്ടെന്നു തിരിച്ചറിഞ്ഞു.

മാറ്റിമറിച്ചത് ഗ്യാംഗ്‌സ്റ്റര്‍

2015-ല്‍ അസ്മിത നാടകസംഘത്തോടൊപ്പം മുംബൈയിലെത്തിയ കങ്കണയുടെ വഴി വെള്ളിവെളിച്ചത്തിലേക്കു തുറന്നു. സംവിധായകന്‍ അനുരാഗ് ബസു യാദൃശ്ചികമായി കണ്ട കങ്കണയെ ഗ്യാംഗ്സ്റ്റില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. പാസ്‌പോര്‍ട്ടില്ലാതിരുന്ന കങ്കണ എല്ലാം പെട്ടെന്നു ശരിയാക്കി. ഗ്യാംഗ്സ്റ്ററിലെ മദ്യപാനിയായ ബാര്‍ ഗേള്‍ സിമ്രാനായി കങ്കണ തിളങ്ങി. പക്ഷേ, സെക്‌സ് സിംബലായി പലരും കങ്കണയെ ചിത്രീകരിച്ചു. വന്നതിലേറെയും ടൈപ്പ് റോളുകളും. ഗ്യാംഗ്‌സ്റ്ററിലെ ചുംബന സീന്‍ കണ്ട് അച്ഛനും അമ്മയും കങ്കണയോടുള്ള ദേഷ്യവുമായാണ് രംഗത്തെത്തിയത്. പേരിനൊപ്പമുള്ള റണൗത്ത് എന്ന കുടുംബപ്പേര് ഒഴിവാക്കണമെന്നായിരുന്നു അച്ഛന്റെ ആവശ്യം.

സെക്‌സ് സിംബലായി ചിത്രീകരിക്കപ്പെട്ട കങ്കണയ്ക്കു രണ്ടു വര്‍ഷം പുതിയ സിനിമയൊന്നും ലഭിച്ചില്ല. അതിനിടെ, പലരും കങ്കണയുടെ കരിയര്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു രംഗത്തെത്തി. ഇംഗ്ലീഷ് ഒഴുക്കോടെ പറയാന്‍ കഴിയാത്തതിനെപ്പോലും പലരും പരിഹസിച്ചു. അതിനിടയിലായിരുന്നു ചേച്ചി രംഗോലിക്ക് ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റത്. മുഖം മുഴുവന്‍ പൊള്ളിയ രംഗോലിയെ മുംബൈയില്‍ കൊണ്ടുവന്നു ചികിത്സിച്ചതും കങ്കണയാണ്.

പക്ഷേ, വീട്ടുകാര്‍ അപ്പോഴും കങ്കണയെ അംഗീകരിച്ചിരുന്നില്ല. താന്‍ നീലച്ചിത്രത്തില്‍ അഭിനയിക്കുമോ എന്നു വരെ വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു എന്നു കങ്കണ പറഞ്ഞിട്ടുണ്ട്. മധുര്‍ ഭണ്ഡാര്‍കറുടെ ലൈഫ് ഇന്‍ എ മെട്രോയിലെ റോള്‍ വീട്ടുകാരുടെ ദേഷ്യം കുറച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ വീട്ടുകാര്‍ കങ്കണയെത്തേടിയെത്തി. തനു വെഡ്‌സ് മനുവിലെ റോള്‍ കങ്കണയെ ദേശീയ പുരസ്‌കാരത്തിലെത്തിച്ചു.

‘വിവാഹം കഴിക്കുന്നവരെ മനശാസ്ത്രജ്ഞനെ കാണിക്കണം’

കരിയറിലെ മോശം സിനിമകളെക്കുറിച്ചു ചോദിച്ചാല്‍ കങ്കണ ഇങ്ങനെയാണ് മറുപടി പറയുക. വീടിന്റെയും കാറിന്റെയും വായ്പ അടച്ചുതീര്‍ക്കാന്‍ തനിക്കു പലതും ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗം മാത്രമാണ് ആ ചിത്രങ്ങള്‍. വിവാഹം പോലും കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ കങ്കണ ബോളിവുഡിന്റെ താരമാകുമെന്നു പറയുന്നവരാണ് ഇന്നേറെ. വിവാഹം കഴിക്കാന്‍ പോകുന്നവരെയെല്ലാം മനശാസ്ത്രജ്ഞനെ കാണിക്കണമെന്നാണ് ഒരിക്കല്‍ കങ്കണ പറഞ്ഞത്. പിറന്നാള്‍ സമ്മാനങ്ങള്‍ ഇഷ്ടമല്ല. ഒരുപാടു തെറ്റുകള്‍ ചെയ്താണ് വളര്‍ന്നത്. എങ്കിലും താന്‍ ഇന്ന് സന്തുഷ്ടയാണെന്നു കങ്കണതുറന്നു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here