എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരന് ഗ്രൂപ് ഭേദമെന്യേ രൂക്ഷവിമര്‍ശനം; മാനദണ്ഡം വേണമെന്ന് സുധീരന്‍; യോഗം ഇന്നും തുടരും

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന് എഐസിസിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയോഗം ഇന്നും തുടരും. യോഗത്തില്‍ തര്‍ക്കം രൂക്ഷമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ ധാരണയില്‍ എത്താനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ മുന്നോട്ട് വച്ച മാനദണ്ഡങ്ങള്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും എതിര്‍ത്തു. ഇന്ന് സീറ്റ് അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളിലേയ്ക്ക് കടക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഇന്നലെ ചേര്‍ന്ന എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. വിഎം സുധീരനെ എല്ലാവരും ഗ്രൂപ്പ് ഭേദമില്ലാതെ വിമര്‍ശിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനത്തിന് കാരണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഇതോടെ മാനദണ്ഡങ്ങളെക്കുറിച്ചും സമിതിയില്‍ തര്‍ക്കമായി. ഒന്നിലധികം തവണ ജയിക്കുന്നത് ഒരു കുറ്റമല്ലെന്ന് കെ മുരളീധരനും ആര്യാടന്‍ മുഹമ്മദും പറഞ്ഞു. തുടര്‍ച്ചയായ ജയം വ്യക്തികളുടെ പ്രവര്‍ത്തന മികവ് കൊണ്ടാണെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു. ഇരുവരുടെയും നിലപാടിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു.

ജയസാധ്യതയും മാനദണ്ഡമാക്കണമെന്ന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമാണ് യോഗം കൈക്കൊണ്ടത്. സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചു. ആരോപണങ്ങള്‍ ജയസാധ്യതയെ ബാധിച്ചുവെന്ന് യോഗത്തില്‍ ഒരുവിഭാഗം വിമര്‍ശിച്ചു. ആരോപണ വിധേയരെയും തുടര്‍ച്ചയായി മത്സരിച്ചവരെയും മാറ്റി നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ നേതാക്കളെ പാര്‍ട്ടി ശിക്ഷിക്കരുത് എന്ന് മറുവിഭാഗം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News