യെമനില്‍ മലയാളി വൈദികനെ കുരിശിലേറ്റിയെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യമന്ത്രാലയം; റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അബുദാബി ആര്‍ച്ച് ബിഷപ്പും

ദില്ലി: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലെ കുരിശിലേറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യമന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അബുദാബി ആര്‍ച്ച് ബിഷപ്പ് പോള്‍ ഹിന്‍ഡനും വ്യക്തമാക്കി. ദുഖ വെള്ളി ദിവസം ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ കുരിശു മരണത്തിന് വിധേയനാക്കിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ദുഖ വെള്ളിയാഴ്്ച ഫാദര്‍ ടോം ഉഴുന്നലിനെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റിയെന്ന് വാഷിംഗ്ടണ്‍ ടൈംസ് ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിയന്നയില്‍ നടന്ന ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ വിയന്ന ബിഷപ്പ് കര്‍ദിനാല്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ഈ കാര്യം സ്ഥിരീകരിച്ചുയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അബുദാബി ആര്‍ച്ച് ബിഷപ്പ് പോള്‍ ഹിന്‍ഡന്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് അറിയിച്ചു. ഫാദറിനെ കുരിശിലേറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവും വ്യക്തമാക്കി.

ഈ മാസം നാലാം തീയ്യതി തെക്കന്‍ യെമനിലെ ഏദനില്‍ നിന്നാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ 16 പേരെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അദ്ദേഹം തീവ്രവാദികളുടെ പിടിയിലാണെന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here