ഭാരത് മാതാ കി ജയ് വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടെന്ന് മോഹന്‍ ഭാഗവത്; അധികാരമേല്‍ക്കുന്നതിന് മുന്‍പ് മെഹബൂബ മുഫ്തി ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് ശിവസേന

ലക്‌നോ: ഭാരത് മാതാ കി ജയ് വിളിക്കുന്നതിന് ആരെയും നിര്‍ബന്ധിക്കേണ്ടെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്വയം ഭാരത് മാതാ കി ജയ് എന്നു വിളിക്കുന്നതിലൂടെയാണ് ഇന്ത്യയുടെ മഹത്വം വര്‍ധിക്കുന്നതെന്നും ജീവിതവും പ്രവൃത്തികളുമാണ് ലോകത്തിനു മുന്നില്‍ മാതൃകയായി ഉയര്‍ത്തിക്കാണിക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഇക്കാര്യത്തില്‍ ആരെയും ജയിക്കുകയോ ആരോടും തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമില്ല. ചിന്തകളും പ്രവൃത്തികളും ഒരാളുടെ മേലും അടിച്ചേല്‍പ്പിക്കരുത്. നല്ല പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്കു മുന്നില്‍ വഴികാണിക്കുകയാണ് വേണ്ടെന്നും ഭാഗവത് പറഞ്ഞു. ഭാരത് മാതാ കി ജയ് വിവാദം അര്‍ഥശൂന്യമാണെന്ന എല്‍.കെ അദ്വാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മെഹ്ബൂബ മുഫ്തി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുമ്പ് ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിജെപിയുമായി കൈകോര്‍ത്ത ശേഷം മെഹബൂബയുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ സത്യപ്രതിജ്ഞയ്ക്കു മുമ്പ് ഭാരത മാതാവിന് ജയ് വിളിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇതിനിടെ മെഹ്ബൂബ ഭാരത മാതാവിന് ജയ് വിളിക്കാന്‍ തയാറാകുമോയെന്ന് ആംആദ്മി പാര്‍ട്ടി പരിഹാസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here