പാക് അന്വേഷണസംഘം പഠാന്‍കോട്ട് വ്യോമത്താവളത്തിലെത്തി; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; തന്ത്രപ്രധാന മേഖലകളില്‍ സംഘത്തിന് പ്രവേശനം അനുവദിക്കില്ലെന്ന് പരീക്കര്‍

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാന്‍ സംഘം വ്യോമത്താവളത്തിലെത്തി. വന്‍സുരക്ഷസന്നാഹത്തോടെയാണ് സംഘം പത്താന്‍കോട്ട് എത്തിയത്. പാക് സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വ്യോമസേനത്താവളം പാകിസ്ഥാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി തുറന്നുകൊടുത്തതിലാണ് പ്രതിഷേധം ഉയരുന്നത്.

അതേസമയം, സംഘത്തിന് തന്ത്രപ്രധാന മേഖലകളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. പത്താന്‍കോട്ട് എയര്‍ബേസില്‍ ആക്രമണം നടന്ന സ്ഥലങ്ങളില്‍ മാത്രമാകും പാക് സംഘത്തിന് പ്രവേശനം അനുവദിക്കുക.

ആക്രമണം നടത്തിയ തീവ്രവാദികളുടെ ഡിഎന്‍എ സാമ്പിളുകളും, തീവ്രവാദികള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും, സാക്ഷി മൊഴികളും, എഫ്‌ഐആറിന്റെ പകര്‍പ്പും പാക് അന്വേഷണ സംഘത്തിന് ഇന്ത്യ കൈമാറി. തീവ്രവാദികള്‍ പ്രവേശിച്ച പ്രദേശങ്ങളും പരിസരവും സംഘം പരിശോധിക്കും. സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളും സംഘം ശേഖരിക്കും.

പഞ്ചാബ് തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ മുഹമ്മദ് താഹിര്‍ റായ് ആണ് പാക് ടീമിന്റെ തലവന്‍. ലാഹോര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസിം അര്‍ഷാദ്, ഐ.എസ്.ഐ പ്രതിനിധി തന്‍വീര്‍ അഹമ്മദ്, പാക് മിലിട്ടറി ഇന്റലിജന്‍സ് പ്രതിനിധി ഇര്‍ഫാന്‍ മിര്‍സ, സി.ടി.ഡി ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഗുജ്ജരന്‍വാല എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

കൊല്ലപ്പെട്ട പാക് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത പാക് മുദ്രയുള്ള ആയുധങ്ങള്‍, മരുന്നുകള്‍, ഷൂസ് തുടങ്ങിയ വസ്തുക്കള്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കും. എന്‍ഐഎ സംഘത്തിന് ആവശ്യമെങ്കില്‍ പാകിസ്ഥാനിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ അവസരമൊരുക്കുമെന്ന് പാക് സംഘം അറിയിച്ചിട്ടുണ്ട്. തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനേയും സുഹൃത്തിനേയും പാചകക്കാരനേയും ചോദ്യം ചെയ്യാന്‍ പാക് അന്വേഷണ സംഘത്തിന് അനുമതി നല്‍കണോ എന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനം എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here