ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡമുണ്ടാകില്ലെന്ന് എഐസിസി. സ്ഥാനാര്‍ത്ഥികള്‍ക്ക് കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇതോടെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സുധീരന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ രൂപീകരിക്കാനും എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. വിജയ സാധ്യത പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്നലെ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. വിഎം സുധീരനെ എല്ലാവരും ഗ്രൂപ്പ് ഭേദമില്ലാതെ വിമര്‍ശിച്ചിരുന്നു. വിഎം സുധീരനെതിരെ കടുത്ത വിമര്‍ശമാണ് ആര്യാടന്‍ മുഹമ്മദ്, കെ. മുരളീധരന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയത്. ജയസാധ്യതക്ക് മുന്‍തൂക്കം നല്‍കണമെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു.
ആരോപണവിധേയരും തുടര്‍ച്ചയായി മത്സരിക്കുന്നവരും മാറിനില്‍ക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് സുധീരന്‍ സ്‌ക്രീനിംഗ് കമ്മിറ്റിയിലും ആവര്‍ത്തിച്ചത്. സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് കാരണമായി.

Get real time update about this post categories directly on your device, subscribe now.