ഷാഫി സുഹൂരി കൂടുതല്‍ യുവതികളെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തല്‍; വ്യാജ ചികിത്സയിക്കെതിരെയും പരാതി

കോഴിക്കോട്: പ്രവാചക ചികിത്സയുടെ മറവില്‍ ഷാഫി അബ്ദുള്ള സുഹൂരി കൂടുതല്‍ യുവതികളെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തല്‍. മുന്‍ ജീവനക്കാരനായ ജംഷീറിന്റെതാണ് വെളിപ്പെടുത്തല്‍. വര്‍ഷങ്ങളായി ചികിത്സക്കെത്തുന്ന നിരവധി സ്ത്രീകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ജംഷീര്‍ പറഞ്ഞു.

ഷാഫിയുടെ ചികിത്സക്ക് വിധേയമായി രോഗം ഗുരുതരമായവരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ചികിത്സ നടത്തി ഗുരുതരാവസ്ഥയിലായ ക്യാന്‍സര്‍ രോഗിയായ മകനുമായി ഒരു രക്ഷിതാവും കേന്ദ്രത്തിലെത്തിയിരുന്നു. പ്രവാചക വൈദ്യമെന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷാഫി സുഹൂരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബീച്ച് ആശുപത്രിക്ക് സമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന ചികിത്സാ സ്ഥാപനം നടത്തുന്ന ഇയാള്‍ പ്രവാചക വൈദ്യത്തിന്റെ പേരിലാണ് യുവതിയെ പീഡിപ്പിച്ചത്. പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്ന പേരില്‍ യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. പീഡനം സഹിക്കാന്‍ വയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു.

തട്ടിപ്പിന് ആത്മീയ പരിവേഷം നല്‍കിയിരുന്നതിനാല്‍ നിരവധി യുവതികളെ വലയിലാക്കാന്‍ ഇയാള്‍ക്കു സാധിച്ചതായും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here