മുത്തങ്ങയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാലു യുവാക്കള്‍ അറസ്റ്റില്‍; മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്, ഷമല്‍ ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവുമായി ഇന്നു രാവിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ദുഃഖവെള്ളിയാഴ്ചയാണ് കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ മുത്തങ്ങ പൊന്‍കുഴിക്കും തകരപാടിക്കും ഇടയില്‍ നാലു യുവാക്കള്‍ റോഡ് കുറുകെ കടക്കുകയായിരുന്ന കാട്ടാനയെ കല്ലെറിഞ്ഞത്. മൈസൂര്‍ ഭാഗത്തുനിന്നു കാറിലെത്തിയതാണ് യുവാക്കള്‍.ഏറു കൊണ്ട ആന ഒന്നിലേറെ തവണ യുവാക്കളുടെ നേരേ അടുത്തു. എന്നിട്ടും ഇവര്‍ കല്ലേറു തുടരുകയായിരുന്നു. ആന ആക്രമിക്കുന്ന ഘട്ടം വന്നപ്പോഴാണ് യുവാക്കള്‍ സ്ഥലംവിട്ടത്.

ആനയെക്കണ്ടു റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ സമയം പ്രകോപിതനായ ആന മറ്റു വാഹനങ്ങള്‍ക്കെതിരേ തിരിയാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. വനപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിലുള്ളവര്‍ മൃഗങ്ങള്‍ക്കു തീറ്റകൊടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതു പതിവായ സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് വനം വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here