പയ്യപ്പിള്ളി ബാലന്‍: പകരം വയ്ക്കാനില്ലാത്ത കമ്യൂണിസ്റ്റ്

എന്തായിരിക്കണം ഒരു കമ്യൂണിസ്റ്റ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ ഞാന്‍ കരുതിവച്ചിരിക്കുന്ന മറുപടിയാണ്, ഇന്ന് അന്തരിച്ച സഖാവ് പയ്യപ്പിള്ളി ബാലന്റെ നാമം. പകരം വയ്ക്കാന്‍ ഒരു പേര്, നാലര പതിറ്റാണ്ടിന്റെ രാഷ്ട്രീയ സമ്പര്‍ക്ക ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. തീവ്രസംഘര്‍ഷഭരിതമായ ആദ്യകാല പാര്‍ട്ടിജീവിതത്തെ തുടര്‍ന്ന് പിന്‍ക്കാലത്ത് അദ്ദേഹം ഏറ്റെടുത്ത സാംസ്‌കാരിത നായകന്റെ ദൗത്യമാണ് അദ്ദേഹത്തെ നേരിട്ടറിയാല്‍ എനിക്ക് അവസരം തന്നത്. ഞാനടക്കമുള്ള പിന്‍തലമുറക്കാരായ സാംസ്‌കാരിക പ്രവര്‍ത്തകരോട് അദ്ദേഹം പുലര്‍ത്തിയിരുന്ന എളിമ നിറഞ്ഞ പെരുമാറ്റരീതി അത്ഭുതകരമാണ് ഇന്നുമെനിക്ക്. കമ്യൂണിസ്റ്റ് പാര്‍ട്ടി, മുഴുനീളത്തില്‍ ചോരച്ചാലുകള്‍ നീന്തിക്കയറിയിരുന്ന ഭീകരകാലത്തിന്റെ സാക്ഷിയും പങ്കാളിയുമായ ഈ വലിയ മനുഷ്യന് ഇത്രയ്ക്ക് എളിയവനാകാന്‍ എങ്ങനെ കഴിയുന്നു എന്നതാണ് എന്റെ അത്ഭുതം. രാഷ്ട്രീയ കാര്യങ്ങളില്‍ കടുകട്ടിയായ ആശയദൃഢത പുലര്‍ത്തുമ്പോഴും ആ പുഞ്ചിരി മാഞ്ഞു ഞാന്‍ കണ്ടിട്ടില്ല, ദേഷ്യപ്പെട്ട് ഒരു വാക്ക് കേട്ടിട്ടില്ല. രൂക്ഷമായ ആശയഭിന്നത ഞാന്‍ ഒരിക്കല്‍ പ്രകടിപ്പിച്ചിട്ടും ആ സ്‌നേഹം, ആ വാത്സല്യം ഒട്ടുമേ കുറഞ്ഞില്ല.

ദുരധികാരത്തിന്റെ ഇരുളില്‍ നിന്ന് കേരളം കമ്യൂണിസ്റ്റ് പാര്‍ക്കു കീഴിലണി നിരന്ന് പൗരസ്വാതന്ത്ര്യത്തിലേക്ക് പൊരുതിക്കയറിയപ്പോള്‍, പോരാളികളില്‍ പയ്യപ്പിള്ളിയുമുണ്ടായിരുന്നു. അതിന്റെ നേര്‍സാക്ഷ്യപത്രമാണ്, ഇന്നാലോചിക്കുമ്പോള്‍ ക്ലാസിക് എന്നു പോലും പറയാന്‍ തോന്നുന്ന ആലുവാപ്പുഴ പിന്നെയുമൊഴുകി എന്ന പുസ്തകം. പിന്നെയും പിന്നെയും പുറത്തുവന്ന പുസ്തകങ്ങള്‍ ആ പേനയില്‍ നിന്ന്. ഈയടുത്തുവരെ, 90 വയസ് പിന്നിട്ടിട്ടും അദ്ദേഹം എഴുതിക്കൊണ്ടിരുന്ന പത്രങ്ങളില്‍, അനുകരിക്കാന്‍ പ്രയാസമുള്ള, ഹൃദ്യമായ തനത് ശൈലിയില്‍.

കളങ്കലേശമില്ലാത്ത ഒരു ജീവിതം എന്റെ ഉള്ളില്‍, അല്ല, മുഴുവന്‍ സമകാലികരുടെയും ഓര്‍മയില്‍ ശേഷിപ്പിച്ചിട്ടാണ് സഖാവ് മറയുന്നത്. വരുന്ന തെരഞ്ഞെടുപ്പിന് നാട്ടിലെത്തുമ്പോള്‍ പോയി നേരിട്ട് കാണണമെന്ന എന്റെ മോഹം പാഴായി. ദുഖംതൊണ്ടയില്‍ വന്നു തിങ്ങുന്നു. വിട സഖാവേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News