ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ മാർച്ച് 31ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അയോഗ്യരാക്കപ്പെട്ടവർ അടക്കം മുഴുവൻ എംഎൽഎമാരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാറുടെ നിരീക്ഷണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. രാഷ്ട്രപതി ഭരണത്തിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. നേരത്തെ ഭൂരിപക്ഷം തെളിയിക്കാൻ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേന്നാണ് കേന്ദ്രസർക്കാർ ശുപാർശയെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാണെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. റിപ്പോർട്ടിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ രാഷ്ട്രപതിയോടു ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ അംഗീകരിച്ചാണ് രാഷ്ട്രപതി ഉത്തരവിറക്കിയത്. ഗവർണറുടെ റിപ്പോർട്ട് ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേർന്ന ശേഷമാണ് ശുപാർശ ചെയ്തത്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്ന് ഗവർണർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡിലെ ഒൻപത് വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വൽ അയോഗ്യരാക്കിയിരുന്നു.
70 അംഗ നിയമസഭയിൽ 36 അംഗങ്ങളുടെയും ആറു പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും പിന്തുടയോടെയായിരുന്നു കോൺഗ്രസ് ഭരണം നടത്തിയിരുന്നത്. ഇതിനിടെ 9 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്. ഇതിനിടെ വിമതരെ വശത്താക്കാൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങളുമായി വിമത എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഇതോടെ അരുണാചൽ പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസിന് ഭരണം നഷ്ടമായി.
Get real time update about this post categories directly on your device, subscribe now.
Discussion about this post