ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എഐസിസിയുടെ സ്‌ക്രീനിംഗ് കമ്മിറ്റി ഇനി വ്യാഴാഴ്ച യോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദില്ലിയിലുള്ള മന്ത്രിമാരും പ്രമുഖ നേതാക്കളും തിരുവനന്തപുരത്തേക്ക് മടങ്ങി. കാബിനറ്റ് യോഗവും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയും ഉള്ളതിനാലാണ് യോഗം മാറ്റിയത് എന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം.
രണ്ട് ദിവസമായി ദില്ലിയില്‍ ചേരുന്ന മാരത്തണ്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതാണ് ചര്‍ച്ച നീളാന്‍ കാരണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന സുധീരന്റെ വാദവും എ – എൈ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായി. ആരോപണ വിധേയരായവര്‍ മാറിനില്‍ക്കണം എന്ന തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് സുധീരന്‍ യോഗശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചത്. ചര്‍ച്ച വിജയകരമായി മുന്നോട്ട് പോകുന്നു എന്നാണ് സുധീരന്‍ ദില്ലിയില്‍ പറഞ്ഞത്.
എഐസിസി ക്രീനിംഗ് കമ്മിറ്റി യോഗം 31ന് വീണ്ടും കൂടുമെന്ന് വിഎം സുധീരന്‍ പറഞ്ഞു. യോഗത്തിലെ ചര്‍ച്ചയുടെ വിശദാംശങ്ങല്‍ വെളിപ്പെടുത്തുന്നത് ഉചിതമല്ല. എഐസിസി നടത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരിശോധിക്കുകയാണ്. സൂക്ഷമമായും ഫലപ്രദമായുമാണ് സ്‌ക്രീനിംഗ് നടത്തുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു. തന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കുന്നില്ല എന്നും സുധീരന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഉള്ളതും ഇല്ലാത്തതും പരിശോധിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംഎല്‍എമാരും അല്ലാത്തവരും ഉണ്ട്. കുറ്റമറ്റ രീതിയിലുള്ള പട്ടികയാണ് തയ്യാറാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ ഘടകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കും. അതിന് ശേഷം മാത്രമേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ കാര്യങ്ങള്‍ ആകൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒന്നും പറയരുതെന്നും വിഎം സുധീരന്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. സണ്ണി ജോസഫ് – പേരാവൂര്‍, മലമ്പുഴ- വിഎസ് ജോയ്, ഒറ്റപ്പാലം – സിവി ബാലചന്ദ്രന്‍, ചേലക്കര – കെഎ തുളസി, ചേര്‍ത്തല – സിആര്‍ ജയപ്രകാശ് എന്നിവരാണ് സീറ്റ് ഉറപ്പിച്ചത്.
ആരോപണ വിധേയരായ നേതാക്കള്‍ പ്രതിനിധീകരിക്കുന്ന നാലു സീറ്റുകളില്‍ ധാരണയായില്ല. കെ ബാബുവിന്റെ തൃപ്പൂണിത്തുറ, അടൂര്‍ പ്രകാശിന്റെ കോന്നി, ബെന്നി ബഹനാന്റെ തൃക്കാക്കര, കെസി ജോസഫിന്റെ ഇരിക്കൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തിലാണ് തര്‍ക്കമുള്ളത്.
നാലിടങ്ങളിലേക്കും സുധീരന്‍ പുതിയ സ്ഥാനാര്‍ത്ഥികളെയും നിര്‍ദേശിച്ചു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനു പകരം ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ മത്സരിക്കണമെന്നാണ് സുധീരന്‍ നിര്‍ദേശിച്ചത്. തൃക്കാക്കയരയില്‍ ബെന്നി ബഹനാനു പകരം പിടി തോമസിന്റെ പേരു നിര്‍ദേശിച്ചു. കോന്നിയില്‍ പി മോഹന്‍രാജിന്റെ പേരാണ് നിര്‍ദേശിച്ചത്. ഇരിക്കൂറില്‍ കെസി ജോസഫിനു പകരം സതീശന്‍ പാച്ചേനിയുടെ പേരും നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായി. സിറ്റിംഗ് എംഎല്‍എമാരെ മാറ്റാനാകില്ലെന്നാണ് മുഖ്യമന്ത്രിയും മറ്റു നേതാക്കളും യോഗത്തില്‍ നിലപാടെടുത്തത്. യോഗത്തില്‍ തീരുമാനമെടുക്കാനാകാത്തതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. വിവിധ ഗ്രൂപ് നേതാക്കളും വിഎം സുധീരനെതിരെ നിലപാടെടുക്കുകയാണ്. എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം എ – ഐ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് കാര്യങ്ങല്‍ വിലയിരുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here