നയൻതാരയുടെ ഒരു ഡേറ്റിനായി ജീവ കാത്തിരുന്നത് 9 വർഷം; കാത്തിരിപ്പിനു വിരാമമിട്ട് ജീവയും നയൻതാരയും ഒന്നിക്കുന്നു

ചെന്നൈ: ഒമ്പതു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ നയൻതാരയും ജീവയും ഒന്നിക്കുന്നു. ജീവിതത്തിൽ അല്ലട്ടോ. സിനിമയിൽ. നായകൻമാരുടെ ഡേറ്റ് നോക്കി മാത്രം താരങ്ങളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കുന്ന തമിഴകത്തു നിന്നു തന്നെയാണ് ഈ വാർത്ത. നയൻതാരയുടെ ഒരു ഡേറ്റിനായി ജീവ കാത്തിരുന്നത് 9 വർഷമാണ്. പലപ്പോഴും നായികമാർക്ക് വേണ്ടി ആരും അധികം കാത്തിരിക്കാറില്ല. അങ്ങനെ വന്നാൽ നായികമാരെ മാറ്റുന്നതാണ് പതിവും. നായകൻമാരെ നോക്കിയാണ് ഷൂട്ടിങ് ഷെഡ്യൂളും തീരുമാനിക്കുന്നത്.

പിഎസ് രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാൾ എന്ന ചിത്രത്തിലാണ് ഒമ്പതു വർഷത്തെ കാത്തിരിപ്പിനു ശേഷം നയൻതാരയും ജീവയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നയൻതാരയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്ന കാര്യം ജീവ പറഞ്ഞത്. ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് നയൻതാരയെ തന്നെയായിരുന്നു. എന്നാൽ നയൻതാര മറ്റു ചിത്രങ്ങളുമായി തിരക്കിലായപ്പോൾ മറ്റു പല നടിമാരെയും സമീപിച്ചു. അതിലൊന്നും സംതൃപ്തി തോന്നാതെ ഒടുവിൽ നയൻതാരയിൽ തന്നെ എത്തുകയായിരുന്നുവത്രെ.

മലയാളത്തിലൂടെ തമിഴകത്തെത്തി തെന്നിന്ത്യയിലെ നമ്പർ വൺ താരമായി മാറിയ നടിയാണ് നയൻതാര. എസ്പി ജയാനന്ദൻ സംവിധാനം ചെയ്ത 2006 ൽ പുറത്തിറങ്ങിയ ഈ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി നയൻതാരയും ജീവയും ഒന്നിച്ചഭിനയിച്ചത്. ഏതായാലും ജീവയും നയൻസും ഒന്നിക്കുന്ന തിരുനാൾ വലിയ വിജയമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here