വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഒന്നാംസ്ഥാനത്തു തിരിച്ചെത്തി; തുണയായത് ലോകകപ്പിലെ പ്രകടനം; ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഇപ്പോൾ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ കോഹ്‌ലിയുടെ പ്രകടനമാണ് ഒന്നാം സ്ഥാനം തിരികെ ലഭിക്കാൻ ഇടയായത്. ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഫിഞ്ചിനേക്കാൾ കോഹ്‌ലിക്ക് 68 പോയിന്റ് കൂടുതലുണ്ട്.

ലോകകപ്പ് തുടങ്ങുമ്പോൾ ഫിഞ്ചിനേക്കാൾ 24 പോയിന്റ് പുറകിലായിരുന്നു കോഹ്‌ലി. ബോളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ.അശ്വിനെ പിന്തള്ളി വെസ്റ്റ്ഇൻഡീസിന്റെ സാമുവൽ ബദ്രി ഒന്നാം സ്ഥാനം കയ്യടക്കി. ബദ്രിക്കും ലോകകപ്പിലെ പ്രകടനം തന്നെയാണ് തുണയായത്. അശ്വിൻ മൂന്നം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബദ്രി ലോകകപ്പിൽ ഇതുവരെ ആറു വിക്കറ്റുകൾ നേടിയിട്ടുണ്ട്. അശ്വിൻ ലോകകപ്പിൽ മനാലു വിക്കറ്റുകൾ മാത്രമാണ് നേടിയിട്ടുള്ളത്.

ട്വന്റി-20 ലോകകപ്പിൽ ടോപ് സ്‌കോററാണ് കോഹ്‌ലി. ഇതുവരെ ആകെ 184 റൺസ് നേടിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരെ 23 റൺസും പാകിസ്താനെതിരെ 55 റൺസും ബംഗ്ലാദേശിനെതിരെ 25 റൺസും ഓസ്‌ട്രേലിയക്കെതിരെ 82 റൺസുമാണ് കോഹ്‌ലി നേടിയത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നു മത്സരങ്ങളിൽ നിന്നായി 199 റൺസ് കോഹ്‌ലി അടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here