ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഹെൽമെറ്റ് സൗജന്യമായി നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ; പുതിയ നിർദേശം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി ഈ തീരുമാനം എടുത്തത്. ഐഎസ്‌ഐ നിലവാരത്തിലുള്ള ഹെൽമെറ്റുകളാണ് നൽകേണ്ടതെന്നും തച്ചങ്കരി നിർദേശിച്ചു. ഇരുചക്ര വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഇരുചക്ര വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, ക്രാഷ് ഗാർഡ്, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ ഇനി മുതൽ വാഹനത്തോടൊപ്പം സൗജന്യമായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ഇവയ്ക്ക് വേറെ തുക ഈടാക്കരുത്. നമ്പർ പ്ലേറ്റിന് പോലും ഉപഭക്താക്കളിൽ നിന്ന് അധികതുക ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. തീരുമാനങ്ങൾ ഏപ്രിൽ ഒന്നു മുതൽ കർശനമായി നടപ്പാക്കിത്തുടങ്ങും.

ഉത്തരവു നടപ്പാക്കിയ ശേഷവും ഉപഭോക്താവിന് മേൽപറഞ്ഞ സാധനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, വിൽപനയ്ക്കുള്ള അംഗീകാരം റദ്ദാക്കാനാണ് തീരുമാനം. ചില പ്രത്യേക കമ്പനികളുടെ ഇൻഷ്വറൻസ് എടുക്കാൻ വാഹന ഡീലർമാർ ഉപഭോക്താക്കളെ നിർബന്ധിക്കാറുണ്ട്. ഇതു പാടില്ല. ഇത്തരത്തിൽ ഇൻഷ്വറൻസ് എടുക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ഇഷ്ടമുള്ള ഇൻഷ്വറൻസ് എടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള ബ്ലൂടൂത്ത് സംവിധാനം ഉപയോഗക്ഷമല്ലാതാക്കാനും സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here