ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ തോൽപിച്ചു. ഗ്രൂപ്പ് ഡിയിലെ ഇന്ത്യയുടെ അവസാനത്തെ മത്സരമായിരുന്നു ഇന്നത്തേത്. 49-ാം മിനുട്ടിൽ അമനോവ് അർസ്ലാനും 70-ാം മിനുട്ടിൽ അതയേവ് സെർദാർലിയുമാണ് തുർക്‌മെനിസ്താനു വേണ്ടി ഗോളുകൾ നേടിയത്. സന്ദേശ് ജിംഗാനാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്. ആകെ കളിച്ച എട്ടു മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യ ജയിച്ചത്.

ഗോൾവേട്ട ആദ്യം തുടങ്ങിയത് ഇന്ത്യ തന്നെയായിരുന്നു. 27-ാം മിനുട്ടിൽ സന്ദേശ് ജിംഗാൻ ഇന്ത്യയെ മുന്നിലെത്തിച്ചു. നാരായൺ ദാസ് നൽകിയ ക്രോസ് സ്വീകരിച്ച ജിംഗാൻ കണിശമായൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. ഏഴാം മിനുട്ടിൽ തുർക്‌മെനിസ്താനു ലഭിച്ച അവസരം അവർ പാഴാക്കിയിരുന്നു. 41-ാം മിനുട്ടിൽ സമനിലയ്ക്കുള്ള ശ്രമം അസ്തനോവ് പാഴാക്കി. എന്നാൽ, രണ്ടാം പകുതി തുടങ്ങി നാലുമിനുട്ടിനകം തുർക്‌മെനിസ്താൻ സമനില നേടി. ലീഡുയർത്താൻ ഇരുവരും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കെ 70-ം മിനുട്ടിൽ തുർക്‌മെനിസ്താൻ വിജയഗോളും നേടി.

കഴിഞ്ഞയാഴ്ച ഇറാനോടും ഇന്ത്യ തോറ്റിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ ഇറാനോടു തോറ്റത്. ഈ ടീമിൽ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹോളിചരൺ നസറി, പരുക്കേറ്റ ബികാഷ് ജെയ്‌റു, അയ്ബൂർ ഖോങ്ജി എന്നിവർക്കു പകരം അർണബ് മൊണ്ടാൽ, കാവിൻ ലോബോ, പ്രിതം കോടൽ എന്നിവർ ടീമിലെത്തി. ആറു മാറ്റങ്ങളുമായാണ് തുർക്‌മെനിസ്താൻ കളിക്കാൻ ഇറങ്ങിയത്. തോൽവിയോടെ ഒരു ജയത്തിൽ നിന്നുള്ള 3 പോയിന്റ് മാത്രം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് യോഗ്യതാ മോഹം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News