തെലങ്കാന എംഎല്‍എമാര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ശമ്പളം വാങ്ങുന്നവര്‍; കുത്തനെ കൂട്ടിയ തീരുമാനത്തിന് നിയമസഭയുടെ അംഗീകാരം

ഹൈദരാബാദ്: സ്വന്തം ശമ്പളം എത്രയെന്ന് തീരുമാനിക്കാന്‍ യോഗ്യതയുള്ള ഏക വിഭാഗമാണ് എംപിമാരും എംഎല്‍എമാരും. നിയമസഭാ അംഗങ്ങള്‍ വാങ്ങുന്ന ശമ്പളം എത്രയെന്ന് എപ്പോഴെങ്കിലും ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. നമ്മുടെ എംഎല്‍എമാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ ആരെന്നറിയണ്ടേ. അത് തെലങ്കാനയിലെ എംഎല്‍എമാരാണ്.

തെലങ്കാന നിയമസഭ ചൊവ്വാഴ്ച അംഗീകരിച്ച ബില്‍ പ്രകാരം വന്‍ വര്‍ദ്ധനയാണ് ശമ്പളത്തില്‍ ഉണ്ടായത്. 163 ശതമാനമാണ് വര്‍ദ്ധന. പുതുക്കിയ ശമ്പളം മാത്രം ഏതാണ്ട് രണ്ടര ലക്ഷം വരും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നിയമനിര്‍മ്മാണ സഭാംഗങ്ങളും ഇവര്‍ തന്നെ. അടിസ്ഥാന ശമ്പളം 12,000 രൂപയില്‍നിന്ന് 20,000 രൂപയായാണ് ഉയര്‍ത്തിയത്.

മണ്ഡല അലവന്‍സ്, മറ്റ് ആനുകൂല്യങ്ങല്‍ എന്നിവ നേരത്തെ 83,000 രൂപയായിരുന്നു. അതില്‍നിന്നാണ് മൂന്നിരട്ടിയിലധികമായി ഉയര്‍ത്തിയത്. തെലങ്കാനയിലെ ആലോഹരി കടവും മറ്റ് ബാധ്യതകളും ഉയര്‍ന്ന് നില്‍ക്കെയാണ് എംഎല്‍എമാരുടെ സമ്പള വര്‍ദ്ധന. മാത്രമല്ല, തെലങ്കാന വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

ശമ്പളവര്‍ദ്ധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രംഗത്തെത്തി. സ്വാതന്ത്ര്യം ലഭിക്കുമ്പോഴത്തെ സാഹചര്യമല്ല നിലവിലുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 72 ശതമാനം വര്‍ദ്ധനയാണ് മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ ഉണ്ടായത്. 2.44 ലക്ഷത്തില്‍നിന്ന് 4.21 ലക്ഷമായാണ് വര്‍ദ്ധന. അടിസ്ഥാന ശമ്പളം 16,000 രൂപയില്‍ നിന്ന് 51,000 രൂപയായി ഉയര്‍ത്തി. സ്പീക്കര്‍, മന്ത്രിമാര്‍, ചീഫ് വിപ്പ്, ചെയര്‍മാന്‍ എന്നിവരുടെ ശമ്പളവും കുത്തനെ ഉയര്‍ത്തി. സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ശമ്പള വര്‍ദ്ധന വഴി 42 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. ശമ്പളക്കാര്യത്തില്‍ ജനകീയ സര്‍ക്കാര്‍ ഭരിക്കുന്ന ദില്ലി തെലങ്കാനയ്ക്ക് തൊട്ടുപിന്നിലുണ്ട്. 2.1 ലക്ഷം രൂപയാണ് പ്രതിമാസം അലവന്‍സ് ഉള്‍പ്പടെ ദില്ലിയിലെ എംഎല്‍എമാരുടെ ശമ്പളം. ഹിമാചല്‍ പ്രദേശാണ് തൊട്ടുപിന്നില്‍. 1.25 ലക്ഷമാമ് ഹിമാചലിലെ എംഎല്‍എമാരുടെ ശമ്പളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here