ട്വന്റി-20 ലോകകപ്പ് സെമിപോരാട്ടങ്ങൾക്ക് ഇന്നു തുടക്കം; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ

ദില്ലി: ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലേക്ക് ആരാദ്യം എന്ന് ഇന്നറിയാം. ആദ്യസെമിഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. കളിയിലും കണക്കിലും ഏറെ മുൻപന്തിയിലുള്ള ന്യൂസിലാൻഡിനു തന്നെയാണ് സാധ്യത കൽപിക്കപ്പെടുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരെണ്ണം പോലും തോൽക്കാതെയാണ് ന്യൂസിലാൻഡ് സെമിയിലെത്തിയത്. ഇംഗ്ലണ്ടാകട്ടെ ഒരു മത്സരം തോറ്റിട്ടുണ്ടെങ്കിലും കളിയിലെ കരുത്തിൽ ഇംഗ്ലണ്ടും ഒട്ടും പിന്നിലല്ല. ദില്ലി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ വൈകുന്നേരമാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നതാണ് ന്യൂസിലൻഡിന് മുൻതൂക്കം നൽകുന്നത്. പക്ഷേ, പ്രകടനത്തിൽ ഒട്ടും പിന്നിലല്ലാത്ത ഇംഗ്ലണ്ടിൽ നിന്ന് ശക്തമായ വെല്ലുവിളി തന്നെ ന്യൂസിലാൻഡിനു നേരിടേണ്ടി വരും. ബോളിംഗിലാണ് കിവികളുടെ കരുത്ത്. ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ബാറ്റ്‌സ്മാൻമാർ വലിയ ടോട്ടൽ ഉയർത്തുന്നതിൽ പരാജയപ്പെടുന്നുണ്ടെങ്കിലും ബോളർമാർ മികച്ച പ്രകടനം നടത്തുന്നതാണ് കിവികളുടെ കരുത്ത്. മിച്ചൽ സാന്റ്‌നറും ഇഷ് സോധിയും ബോളിംഗിന്റെ കുന്തമുനകളാകുന്നു. കാര്യങ്ങൾ നേരെ നടന്നാൽ ഇതുവരെ ഒരു വലിയ ടൂർണമെന്റിൽ ജേതാക്കളായില്ല എന്ന ചീത്തപ്പേരു മാറ്റിയെടുക്കാൻ കഴിയുമെന്നാണ് കിവികളുടെ പ്രതീക്ഷ. ട്വന്റി-20 ലോകകപ്പിൽ ആദ്യമായാണ് കിവികൾ സെമിഫൈനൽ കളിക്കുന്നതും.

അത്ഭുതങ്ങൾ കാണിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്നു ജയിച്ച അവർ കയ്യടി കുറച്ചൊന്നുമല്ല വാങ്ങിക്കൂട്ടിയത്. അഞ്ചു വർഷം മുമ്പ് കൈവിട്ട കിരീടം തിരിച്ചു പിടിക്കാനുള്ള അവസരമാണ് അവർക്ക് ഈ മത്സരം. 2010-ൽ ജേതാക്കളായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ട് അടക്കമുള്ള ബാറ്റ്‌സ്മാൻമാരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. പക്ഷേ, അതേസമയം ബോളർമാർ കാര്യമായി തല്ല് വാങ്ങുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here