ഒ വി വിയൻ ഓർമയായിട്ട് 11 വർഷം

മലയാളത്തിന്റെ ഇതഹാസകാരൻ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം. മലയാള ഭാഷയ്ക്ക് അനുസ്യൂതമായ സംഭാവനകൾ നൽകി 2005 മാർച്ച് 30നാണ് ഒവി വിജയൻ ലോകത്തോടു വിട പറഞ്ഞത്. ഇതിഹാസതുല്യമായ രചനാശൈലിയാണ് വിജയൻ മലയാളത്തിന് സമ്മാനിച്ചത്. നോവൽ, കഥ, ലേഖനം, കാർട്ടൂൺ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികൾ ഭാഷയ്ക്ക് സമ്മാനിച്ച തന്റേതായ ഇടം മലയാള സാഹിത്യ ലോകത്ത് ബാക്കിയാക്കിയാണ് അദ്ദേഹം കടന്നു പോയത്. 75 വയസ്സായിരുന്നു മരിക്കുമ്പോൾ വിജയന്. 11 വർഷങ്ങൾക്കിപ്പുറവും മലയാളത്തിന്റെ ശ്രേഷ്ഠത വർദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികൾ ഇതിഹാസതുല്യങ്ങളായി നിലകൊള്ളുന്നു.

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിൽ മലബാർ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കൽ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ജനനം. മലപ്പുറത്തു നിന്ന് തുടങ്ങിയ വിദ്യാഭ്യാസം മദിരാശിയിലെ താംബരം വരെ നീണ്ടു. പാലക്കാട് വിക്ടോറിയ കോളജിൽ നിന്നും ഇന്റർമീഡിയറ്റും ബി.എയും, മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു. അധ്യാപകവൃത്തി ഉപേക്ഷിച്ച് 1958ൽ ശങ്കേഴ്‌സ് വീക്കിലിയിലും 1963ൽ പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.

1960ലാണ് മലയാളസാഹിത്യത്തിൽ ആധുനികതയുടെ നവോദയം വിളംബരം ചെയ്തുകൊണ്ട് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ തുടങ്ങിയ നോവലുകളും ഒട്ടേറെ ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും കുറിപ്പുകളുടെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചതിനൊപ്പം കാർട്ടൂണുകളുടെ സമാഹരവും പുറത്തിറങ്ങി. നോവലുകളും കഥകളും സ്വയം ഇംഗഌഷിലേക്ക് വിവർത്തനം ചെയ്തും അദ്ദേഹം വ്യത്യസ്തനായി.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, എം.പി.പോൾ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003ൽ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here