ദില്ലി: യെമനിൽ നിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസർക്കാരിന് ലഭിച്ചതായി സൂചന. ഫാദർ ടോം തന്നെയാണ് വീഡിയോയിൽ സഹായിക്കണമെന്ന് അപേക്ഷിക്കുന്നത്. വൻതുക മോചനദ്രവ്യമായി വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഫാദർ ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടർന്നു വരുകയാണ്. ഫാദർ ടോമിനെ ദുഃഖവെള്ളി ദിനത്തിൽ കുരിശിലേറ്റി കൊലപ്പെടുത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് ഇക്കാര്യം സഭ തന്നെ നിഷേധിച്ചിരുന്നു.
ഈമാസം ആദ്യം യെമനിലെ ഒരു വൃദ്ധസദനത്തിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദർ ടോമിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഫാദർ ടോമിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ വിശ്വാസിസമൂഹം ആശങ്കയിലായിരുന്നു. ഇതിനിടെ ദുഃഖവെള്ളി ദിനത്തിൽ അദ്ദേഹത്തെ കുരിശിലേറ്റുമെന്നു വാർത്തകൾ പുറത്തുവന്നു. ഇതോടെ ആശങ്ക കൂടുതൽ ശക്തമായി. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ കുരിശിലേറ്റിയതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വൈകാതെ വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാരും ക്രൈസ്തവ സഭയും രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 4നാണ് യെമനിൽ നിന്ന് ഫാദർ ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. യെമനിലെ ഏദനിൽ വയോജനങ്ങൾക്കായി നടത്തപ്പെടുന്ന ഒരു വീട്ടിൽ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദറിനെ ബന്ധിയാക്കിയത്. ആക്രമണത്തിൽ നാല് കന്യാസ്ത്രീകൾ അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post