ശ്രുതി ഹരിഹരസുബ്രഹ്മണ്യം: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി തിരിച്ചറിയാതെ പോയ മലയാളി; പാലായിലെ അവധിക്കാലങ്ങളില്‍ സിനിമാപ്രേമം തലയ്ക്കുപിടിച്ച പഴയ മിസ് ചെന്നൈ

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളിയറിയാത്ത ഒരുമലയാളിയുമുണ്ടായിരുന്നു പട്ടികയില്‍. ശ്രുതി ഹരിഹര സുബ്രഹ്മണ്യം. അവാര്‍ഡിന്റെ വെള്ളിവെളിച്ചത്തിലൊന്നും കാണാതെ പോയി ഈ പാലാക്കാരിയെ. മികച്ച കലാ സാസ്‌കാരിക ചിത്രത്തിനുള്ള പുരസ്‌കാരമാണ് എ ഫാര്‍ ആഫ്റ്റര്‍നൂണ്‍-എ പെയിന്റഡ് സാഗ എന്ന ചിത്രത്തിലൂടെ ശ്രുതി സ്വന്തമാക്കിയത്. പദ്മഭൂഷണ്‍ കിഷന്‍ ഖന്ന എന്ന ചിത്രകാരന്റെ ജീവിതവും കലയും ആസ്പദമാക്കി 73 മിനുട്ടില്‍ തയാറാക്കിയതാണ് ഈ ചിത്രം.

നൈജീരിയയില്‍ ജനനം പാലായിലെ അവധിക്കാലം… ശ്രുതി സിനിമാക്കാരിയായ വഴി

നൈജീരിയയിലായിരുന്നു ശ്രുതിയുടെ ജനനം. അവധിക്കാലങ്ങളില്‍ പാലായിലെ തറവാട്ടു വീട്ടിലെത്തിയപ്പോള്‍ കണ്ടു തീര്‍ത്ത മലയാള സിനിമകളാണ് ശ്രുതിയിലെ സിനിമാക്കാരിയെ ജനിപ്പിച്ചത്. ചെന്നൈയിലാണ് സ്ഥിരതാമസം. പാലാ ടൗണില്‍ സ്വാമീസ് ജുവല്‍റി നടത്തുകയായിരുന്നു മുത്തച്ഛന്‍. പിതാവ് വി ഹരിഹര സുബ്രഹ്മണ്യന്‍ തിരുവനന്തപുരം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഡീനായിരുന്നു. മാതാപിതാക്കളും ഇപ്പോള്‍ ശ്രുതിക്കൊപ്പം ചെന്നൈയിലാണ് താമസം. ഏറെക്കാലം സഹസംവിധായകയായിരുന്നു. വര്‍ഷങ്ങളായി ശ്രുതി സംവിധാനരംഗത്തുണ്ട്. ഒരു വാണിജ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കിഷന്‍ ഖന്നയുടെ ജീവിതത്തെക്കുറിച്ചു പഠിക്കുന്നത്. ഭര്‍ത്താവ് അശ്വിന്‍ രാജഗോപാല്‍ ഡയറക്ടറായ പിരമല്‍ ആര്‍ട് ഫൗണ്ടേഷനാണ് ചിത്രം നിര്‍മിച്ചത്. വാണിജ്യ സിനിമയായിരുന്നു അത്രയും കാലം ശ്രുതിയുടെ മനസിലുണ്ടായിരുന്നത്. സ്‌ക്രിപ്റ്റ് പോലുമില്ലാതെ ഡോക്യുമെന്ററി ഒരുക്കുകയെന്ന വലിയ ദൗത്യമായിരുന്നു ശ്രുതിക്കു മുന്നില്‍. ഗുഡ്ഗാവില്‍ കിഷന്‍ ഖന്നയ്‌ക്കൊപ്പം നിരവധി ദിവസങ്ങള്‍ ചെലവിട്ടു. അദ്ദേഹത്തിന്റെ ചിത്രരചനാ ശൈലി പകര്‍ത്തുകയായിരുന്നു ആദ്യ പടി. സാധാരണ പ്രേക്ഷകര്‍ക്കു കൂടി മനസിലാകുന്ന ആഖ്യാനമാണ് ശ്രുതിയെ പതിവു കലാ സാംസ്‌കാരിക ചിത്രങ്ങളില്‍നിന്നു വേറിട്ടതാക്കിയത്.

sruthi-1

കിഷന്‍ ഖന്ന, ചിത്രങ്ങളിലൂടെ ഒരു ജീവിതം

തൊണ്ണൂറുവയസുകാരനായ കിഷന്‍ ഖന്ന ഇന്ത്യയിലെ തന്നെ മുതിര്‍ന്ന ചിത്രകാരന്‍മാരില്‍ ഒരാളാണ്. 2014-ല്‍ അദ്ദേഹം തയാറാക്കിയ ഇരുപത് അടി ഉയരമുള്ള ചിത്രത്തിന്റെ രചനാ ഘട്ടമായിരുന്നു ശ്രുതി സിനിമയ്ക്കു പശ്ചാത്തലമായി തെരഞ്ഞെടുത്തത്. ആറു മാസം കൊണ്ടാണ് കിഷന്‍ ഖന്ന ചിത്രം തീര്‍ത്തത്. ഈ കാലമത്രയും ഗുഡ്ഗാവില്‍ ചിത്രത്തിന്റെ ഓരോ ഘട്ടങ്ങളും പിന്നിടുന്നതു കാമറയില്‍ പകര്‍ത്തി ശ്രുതിയുമുണ്ടായിരുന്നു. കിഷന്‍ ഖന്നയുടെ ശാന്തമായ രചനാ രീതി, അതിനിടയില്‍ അദ്ദേഹത്തിന്റെ ചിത്രരചനാ ശൈലിയെക്കുറിച്ചുള്ള പ്രമുഖരുടെ അഭിമുഖങ്ങള്‍, കിഷന്‍ ഖന്നയുടെ ജീവിതം എന്നിവ ചിത്രീകരിച്ചു. മലയാളിയായ ചിത്രകാരന്‍ എ രാമചന്ദ്രന്‍ കിഷന്‍ ഖന്നയെക്കുറിച്ചു പറയുന്ന ഭാഗവും ചിത്രത്തിലുണ്ട്. രഞ്ജിത് ഹോസ്‌കോട്ടെ  ഗായത്രി സിന്‍ഹ കലാനിരൂപകരും കിഷന്‍ ഖന്നയുടെ ചിത്രരചനയെ വിലയിരുത്തി. അശ്വിന്‍ രാജഗോപാല്‍ കിഷന്‍ ഖന്നയുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്നത്.

kishan khannaപരിസ്ഥിതിയെ സ്‌നേഹിക്കുന്ന  മലയാളിയായ മിസ് ചെന്നൈ; സിനിമയില്‍ തുടക്കം രേവതിയുടെ സഹസംവിധായികയായി

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍ മാത്രമായിരുന്നു ശ്രുതിക്കു കേരളത്തെ അടുത്തറിയാന്‍ ലഭിച്ച അവസരം. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ കേരളത്തില്‍ വരും. സിനിമയക്കൊപ്പം തന്നെ ശുചിത്വത്തെക്കുറിച്ചുള്ള പാഠങ്ങളും തനിക്കു പകര്‍ന്നുതന്നതു കേരളമാണെന്നു ശ്രുതി പറയുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷമാണു ശ്രുതി സിനിമയുമായി ബന്ധപ്പെടുന്നത്. നടിയും സംവിധായികയുമായ രേവതിയുടെ അസിസ്റ്റന്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. വിക്രം കെ കുമാര്‍, വിഷ്ണു വര്‍ധന്‍ എന്നിവര്‍ക്കൊപ്പവും സഹസംവിധായികയായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കി. ബ്രിട്ടീഷ് പോപ്പ് സ്റ്റാര്‍ മിയ, യുവാന്‍ ശങ്കര്‍രാജ എന്നിവരുടെ ആല്‍ബങ്ങളുടെയും കാമറയ്ക്കു പിന്നില്‍ ശ്രുതിയായിരുന്നു. കെ ബാലചന്ദറിന്റെ മെഗാ സീരിയല്‍ സഹനയിലും ചിദംബരരഹസ്യമെന്ന സീരിയലിലും അഭിനയിച്ചു. ഈ കഥാപാത്രങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ചെന്നൈയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലെ സ്ഥിരം സാന്നിധ്യവുമാണ് ശ്രുതി. 2002-ല്‍ മിസ് ചൈന്നൈ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൈലാപുരില്‍ താമസിക്കുന്ന ശ്രുതി ആള്‍വാര്‍പേട്ട കേന്ദ്രമാക്കി സിനിമാ റിസോഴ്‌സ് സെന്റര്‍ എന്ന സ്ഥാപനവും നടത്തുന്നു. ചലച്ചിത്രമേഖലയിലേക്കു കടന്നുവരുന്നവര്‍ക്കു ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെക്കുറിച്ച് അറിവു നല്‍കുകയാണ് ലക്ഷ്യം. ചെന്നൈയിലെ സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സ്ഥിരം മുഖമാണ് ശ്രുതി. ഗോലി സൊഡാ എന്ന സംഘടനയിലൂടെ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുകയാണ് ശ്രുതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.

ഡിസ്‌പോസിബിള്‍ നാപ്കിന്നുകള്‍ക്കു പകരം ഗോലി സോഡാ അവതരിപ്പിച്ച തുണികൊണ്ടുള്ള നാപ്കിന്നുകള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയാണ്. ഇത്തരം നാപ്കിന്നുകള്‍ക്കു വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും ശ്രുതി പറയുന്നു. കേരളം നല്‍കിയ ശുചിത്വ പാഠങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്നതാണെന്നാണു ശ്രുതിയുടെ വാക്കുകള്‍. സിനിമയെയും പരിസ്ഥിതിയെയും മലയാളത്തെയും ഒരേപോലെ സ്‌നേഹിക്കുന്ന ശ്രുതി കന്നി സംവിധാനത്തിനുതന്നെ ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ത്രില്ലിലാണ് ഇപ്പോള്‍. വാണിജ്യ സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News