മാധ്യമങ്ങളെ പരിഹസിച്ച് നടത്തിയ ട്വീറ്റില്‍ കുടുങ്ങി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ തനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയുമായാണെന്ന ട്വീറ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ട്വീറ്റിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനും ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ വോയ്‌സ് പ്രസിഡന്റുമായ എബ്രഹാം മത്തായി വക്കീല്‍ നോട്ടീസ് അയച്ചു.
കങ്കണയുമായുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ പരിഹസിച്ച് ജനുവരി 28നാണ് ഹൃത്വിക് ട്വീറ്റ് ചെയ്തത്. ഐപിസി 295 എ വകുപ്പ് പ്രകാരമാണ് ഹൃത്വിക്കിനെതിരായ നോട്ടീസ് അയച്ചിരിക്കുന്നത്. ഹൃത്വിക് നടത്തിയ പരാമര്‍ശം ക്രിസ്ത്യന്‍ മതവിശ്വാസങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് ആണ് എബ്രഹാം മത്തായിക്ക് വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്.
‘ഏതൊരു വ്യക്തിയുമായും ബന്ധം പുലര്‍ത്തുന്നതിന് ഹൃതിക്കിന് അവകാശമുണ്ട്. പക്ഷേ അതിലേക്ക് മാര്‍പാപ്പയെ വലിച്ചിഴക്കാനുള്ള അവകാശം അദ്ദേഹത്തിനില്ല. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ആ ട്വീറ്റ് വായിച്ചാല്‍ പോപ്പ് ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് തോന്നും. ട്വീറ്റില്‍ നിരുപാധികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.’ എബ്രഹാം മത്തായി പറയുന്നു.
ഹൃത്വികും താനും പ്രണയത്തിലായിരുന്നുവെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ തുറന്നുപറഞ്ഞിരുന്നു. കങ്കണയുടെ ഈ വെളിപ്പെടുത്തലിന് മറുപടിയായാണ് ഹൃത്വിക് പ്രസ്തുത ട്വീറ്റ് നടത്തിയത്. ‘ മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയുമായാണ്. താങ്ക്‌സ്, ബട്ട് നോ താങ്ക്‌സ് ‘- വിവാദ ട്വിറ്ററിലൂടെ ഹൃത്വിക് വ്യക്തമാക്കി.
Ther r more chances of me having had an affair with d Pope dan any of d (Im sure wonderful)women d media hs ben naming.Thanks but no thanks.
— Hrithik Roshan (@iHrithik) January 28, 2016
തന്റെ എക്‌സ് എന്നാണ് കങ്കണ ഹൃത്വിക്കിനെ അഭിമുഖത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ‘അപവാദപ്രചരണങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഢിക്കും അറിയാം. എക്‌സുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം ആ അദ്ധ്യായം അവസാനിച്ചു.’ താന്‍ ശവക്കുഴി തോണ്ടാറില്ലെന്ന് കങ്കണ അഭിമുഖത്തില്‍ പറയുന്നു. ഹൃത്വികും കങ്കണയും തമ്മില്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ നേരത്തേ ആരോപിക്കുന്നതാണെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഹൃത്വികും ഭാര്യ സൂസെന്നുമായുള്ള 14 വര്‍ഷത്തെ വിവാഹ ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. അതിന് കാരണം കങ്കണ ആണെന്നായിരുന്നു ബോളിവുഡിലെ സംസാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here