ദില്ലി: ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9000 കോടിയില്‍ 4,000 കോടി രൂപ സെപ്തംബര്‍ മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന് മദ്യരാജാവ് വിജയ് മല്യ. ബാങ്കുകളുമായി രണ്ടു തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയെന്നും സെപ്തംബറിനകം 4000 കോടി തിരിച്ചടയ്ക്കാമെന്നും മല്യ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസില്‍ അടുത്തമാസം ഏഴിന് വീണ്ടും വാദം കേള്‍ക്കും.
ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് മല്യയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പൊതുജന താത്പര്യാര്‍ത്ഥമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
പല ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയിലധികം രൂപ വായ്പയെടുത്തത്. 2015 നവംബര്‍ 30ലെ കണക്കുകള്‍ പ്രകാരം വിജയ് മല്യ 9091.40 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. 2004-2007 കാലയളവിലാണ് വായ്പ വിതരണം നടത്തിയത്. 2009ല്‍ ഇതു കിട്ടാക്കടമായി മാറുകയായിരുന്നു. കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജാരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയയ്ക്കുകയും ഹൈദരാബാദ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ മല്യ രാജ്യം വിടുകയായിരുന്നു. മല്യ ഇപ്പോള്‍ ലണ്ടനിലെ വസതിയിലാണെന്നാണ് ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here