ബിഗ്ബസാറിനെന്താ കൊമ്പുണ്ടോ? തലസ്ഥാന നഗരത്തില്‍ പഴയ മാലിന്യങ്ങള്‍ തള്ളിയ റീട്ടെയില്‍ ഭീമനെ പാഠം പഠിപ്പിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍; 25000 രൂപ പിഴയിട്ടു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തോന്ന്യാസത്തിന് തിരുവനന്തപുരം നഗരസഭ മൂക്കുകയറിട്ടു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ബസാറിനെതിരേ കേസെടുത്തു. 25000 രൂപ പിഴയുമിട്ടു. മേയര്‍ അഡ്വ.വി കെ പ്രശാന്ത്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍ പി ശിവജി, പി വി മഞ്ജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി മോഹനചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

പഴയസാധനങ്ങള്‍ എടുത്തു വൗച്ചര്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളില്‍നിന്നു വാങ്ങിയ പഴകിയ ചെരുപ്പുകളും ബാഗുകളും ഉള്‍പ്പെടുന്ന പരിസ്ഥിതിക്ക് അതീവ ദോഷമുണ്ടാക്കുന്ന സാധനങ്ങളാണ് ബിഗ് ബസാര്‍ കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി നിക്ഷേപിച്ചത്. അഞ്ച് ലോഡുകളായി കൊണ്ടുവന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്. ഇതറിഞ്ഞ് ഇന്നുരാവിലെ സ്ഥലത്തെത്തിയ മേയറും സംഘവും നടപടിയെടുക്കുകയായിരുന്നു. ബിഗ് ബസാര്‍ അധികൃതരെ സ്ഥലത്തു വിളിച്ചുവരുത്തി മാലിന്യങ്ങള്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നീക്കാനും നിര്‍ദേശം നല്‍കി.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മേയര്‍ അഡ്വ. വി കെ പ്രശാന്ത് കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. പഴയ സാധനങ്ങള്‍ ശേഖരിച്ച് പകരം പുതിയ സാധനമോ ഡിസ്‌കൗണ്ടോ നല്‍കുന്ന സ്ഥാപനം ഉടമകള്‍ പഴയസാധനങ്ങള്‍ കൈയൊഴിയുന്നതിനുള്ള സംവിധാനം എന്താണെന്നു നഗരസഭയെ അറിയിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News