കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: കൊല്ലം എസ്എന്‍ കോളജില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എസ്എന്‍ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. വെളളാപ്പള്ളി നടേശന്‍ നടത്തിയ പണാപഹരണം, സാമ്പത്തിക അഴിമതി, വിശ്വാസവഞ്ചന എന്നീ കുറ്റകൃത്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിഎസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് ക്രൈം എഡിജിപി അനന്തകൃഷ്ണന്‍ ഐപിഎസിന് കത്തു നല്‍കി.

എക്‌സിബിഷന്‍ ഉള്‍പ്പെടെയുള്ള കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 35,44,437 രൂപയാണ് ലഭിച്ച തുക. 15,26,775 രൂപയാണ് ആകെ ചെലവിട്ടത്. ഇതില്‍ 20,17,662 രൂപ മിച്ചമുണ്ട്. മിച്ചമായി ലഭിച്ച തുക ജൂബിലി സ്മാരകമായി ലൈബ്രറി സമുച്ചയത്തിന് സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായും കനകജൂബിലി കമ്മിറ്റിയുടെ കണക്കില്‍ പറയുന്നു. പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയെക്കൊണ്ട് ലൈബ്രറി സമുച്ചയത്തിന് തറക്കല്ലിടീക്കുകയും ചെയ്തു.

എന്നാല്‍ ലൈബ്രറി സമുച്ചയത്തിന്റെ പണി ആരംഭിച്ചില്ല. ഈ തുക സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എസ്എന്‍ കോളേജ് ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 3307 ആയി നിക്ഷേപിച്ചു. മാത്രമല്ല, ജൂബിലിക്കുവേണ്ടി 67,16,867 രൂപ പിരിച്ചെടുക്കുകയും ചെയ്തു. ഈ തുക ഈ ആവശ്യത്തിനുവേണ്ടി ചെലവാക്കാതെ വെള്ളാപ്പള്ളി നടേശന്‍ പല പ്രാവശ്യമായി പിന്‍വലിച്ചു. ഈ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here