വനിതാ ട്വന്റി – 20യില്‍ ഓസീസിന് നാലാം ഫൈനല്‍; ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു

വനിതാ ട്വന്റി – 20യിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഓസീസ് ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. കഴിഞ്ഞ മൂന്ന് തവണയും ജേതാക്കളായ ഓസീസ് തുടര്‍ച്ചയായ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ (55) അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലീഷ് വനിതകള്‍ക്ക് നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഓപ്പണര്‍മാരായ അലിസ്സ ഹീലിയും (25) എലീസ് വില്ലാനിയുമാണ് (19) ഓസീസ് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയത്. എന്നാല്‍ മധ്യനിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ നതാലീ സ്ചീവര്‍ രണ്ടും ലോറ മാര്‍ഷ്, ജെന്നി ഗണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മാന്യമായാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സും (31) ടമ്മി ബീമൗണ്ടും (32) ചേര്‍ന്ന് പത്തോവറില്‍ 67 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇംഗ്ലീഷ് ടീമിന്റെ മധ്യനിരയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. 21 റണ്‍സെടുത്ത സാറ ടെയ്‌ലര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് മധ്യനിരയില്‍ പിടിച്ചുനിന്നത്. ഓസീസ് ബൗളര്‍മാര്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. ഓസീസിനായി മെഗാന്‍ ഷട്ട് 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. എല്ലീസ് പെറി, റെനെ ഫാരല്‍, ക്രിസ്റ്റണ്‍ ബീംസ്, എറിന്‍ ഓസ്‌ബ്രോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. ഏപ്രില്‍ മൂന്നിനാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News