ദില്ലി: കോൺഗ്രസിന്റെ നീണ്ടുപോകുന്ന സ്ഥാനാർത്ഥി നിർണയ തർക്കം ഒടുവിൽ സോണിയാഗാന്ധിയുടെ മുന്നിലേക്ക് നീങ്ങുന്നു. ഉമ്മൻചാണ്ടി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അൽപം കഴിഞ്ഞ് സോണിയാഗാന്ധി രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. വൈകുന്നേരമാണ് സുധീരനുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സ്വന്തം നിലപാടുകളിൽ ഉമ്മൻചാണ്ടിയും സുധീരനും ഉറച്ചുനിന്നു. അതിനിടെ രമേശ് ചെന്നിത്തല തർക്കം പരിഹരിക്കാൻ അനുരഞ്ജനശ്രമവുമായി മുന്നോട്ടു വന്നു. വിട്ടുവീഴ്ച എന്ന അനുരഞ്ജന നയമാണ് ചെന്നിത്തല മുന്നോട്ടു വച്ചത്. എന്നാൽ, സുധീരന്റെ കടുത്ത നിലപാടിനെ തുടർന്ന് ഈ നീക്കം പാളി.
തർക്കമുള്ള എല്ലാ സീറ്റുകളിലും ഒന്നിലധികം പേരുകൾ എന്നതാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള നിർദേശം. മൂന്നു മന്ത്രിമാരുടെയും തൃക്കാക്കര, പാറശാല സീറ്റുകളിലും പുതിയ പാനൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പട്ടികയിൽ അന്തിമതീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എടുക്കും. അതേസമയം, വിട്ടുവീഴ്ച എന്ന അനുരഞ്ജന നയത്തോട് ഉമ്മൻചാണ്ടി ക്ഷുഭിതനായാണ് പ്രതികരിച്ചത്. അനുരഞ്ജന നീക്കത്തിനെത്തിയ ചെന്നിത്തലയോട് സുധീരനും ക്ഷുഭിതനായി. ഇന്നു വൈകുന്നേരത്തോടെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പു സമിതി ചേർന്ന് അന്തിമ തീരുമാനമെടുക്കാനാണ് ശ്രമം. സമ്പൂർണ സ്ഥാനാർഥി പട്ടിക വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ഹൈക്കമാൻഡിനെ അറിയിച്ചു. മത്സരിച്ചാൽ അത് സുധീരന്റെ പത്താം അങ്കമായിരിക്കും. അപ്പോൾ അത് തന്റെ നിലപാടിന് എതിരായിരിക്കും എന്നതും മത്സരത്തിൽ നിന്ന് പിൻമാറാൻ സുധീരനെ പ്രേരിപ്പിച്ചതായാണ് സൂചന. മൂന്നു തവണയിൽ കൂടുതൽ മത്സരിച്ചവർ മാറിനിൽക്കണമെന്നതാണ് സുധീരന്റെ നിലപാട്. ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടും കലഹം പോലും തീർക്കാനാകാത്ത കോൺഗ്രസിൽ അടി തീർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്നലെ ഉമ്മൻചാണ്ടിയുമായും സുധീരനുമായും ഹൈക്കമാൻഡ് വെവ്വേറെ ചർച്ച നടത്തിയിരുന്നു. പക്ഷേ, ഇരുവരും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതിരുന്നതോടെ കൂടിക്കാഴ്ചകളെല്ലാം ഫലമില്ലാതെ അവസാനിച്ചു. തർക്കം സംസ്ഥാനതലത്തിൽ തന്നെ തീർക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും എകെ ആന്റണിയും വിഷയത്തിൽ ഇടപെട്ടതോടെ ഇരുവിഭാഗവും മയപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഉമ്മൻചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയും ഇന്നു ചർച്ച നടത്തും. അങ്ങനെയെങ്കിൽ രണ്ടു പേരെയെങ്കിലും മാറ്റിനിർത്താം എന്ന നിലയിലേക്ക് സുധീരൻ എത്തിയിട്ടുണ്ടെന്നും കേൾക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here