മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എം.വി നികേഷ്‌കുമാർ; നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷ നൽകുന്നതെന്ന് പി ജയരാജൻ; നികേഷ് കുമാർ പി.ജയരാജനെ കണ്ടു

കോഴിക്കോട്: മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം.വി നികേഷ്‌കുമാർ. കക്ഷിരാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഉണ്ടെന്നു തോന്നി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നു വച്ചതെന്നും നികേഷ്‌കുമാർ മാധ്യമങ്ങളോടു പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എം.വി നികേഷ്‌കുമാർ. നികേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ നിന്ന് ആരംഭിച്ചു.

നികേഷ്‌കുമാർ സ്ഥാനാർത്ഥിയായതോടെ അഴീക്കോട്ട് എൽഡിഎഫിന്റെ വിജയസാധ്യത വർധിച്ചതായി പി ജയരാജൻ പറഞ്ഞു. നികേഷിന്റെ സ്ഥാനാർത്ഥിത്വത്തിൽ തർക്കങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. കണ്ണൂരിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ തന്റെ അസാന്നിധ്യം ഒരിക്കലും ബാധിക്കില്ലെന്ന് പി ജയരാജൻ പറഞ്ഞു. താൻ എന്തുകൊണ്ടാണ് കണ്ണൂരിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. മതനിരപേക്ഷതയ്ക്കുള്ള പോരാട്ടത്തിനായി കണ്ണൂർ ജനത അണിനിരക്കും.

കണ്ണൂരിലെ പാർട്ടി തന്നെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. അരലക്ഷത്തിൽ പരം പ്രവർത്തകർ പാർട്ടിക്കുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here