ക്രിക്കറ്റ് ലോകവും ബോളിവുഡും ഒരുപോലെ ആഘോഷിക്കുകയും വിഷമിക്കുകയും ചെയ്ത ഒരേയൊരു കാര്യം എന്താണെന്നു ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം. വിരാട് കോഹ്‌ലി-അനുഷ്‌ക ശർമ പ്രണയം. ഇടയ്ക്ക് തകർന്ന അനുഷ്‌ക-കോഹ്‌ലി പ്രണയം വീണ്ടും തളിർക്കാൻ തുടങ്ങിയെന്നാണ് ഒടുവിൽ ഇവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 ലോകകപ്പിലെ ത്രസിപ്പിക്കുന്ന ജയം കോഹ്‌ലി ആഘോഷിച്ചത് അനുഷ്‌കയ്‌ക്കൊപ്പമായിരുന്നെന്നാണ് ലോക്കർ റൂമിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് കാരണമായത് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. എന്നാൽ, അന്ന് വിജയാഘോഷത്തിനായി പാർട്ടി സംഘടിപ്പിച്ചപ്പോൾ കോഹ്‌ലി ഒരിക്കൽ പോലും അതിൽ ഭാഗഭാക്കായില്ലത്രേ. ആ രാത്രി മുഴുവൻ കോഹ്‌ലി അനുഷ്‌കയുമായി ഫോണിൽ സംസാരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പാകിസ്താനെ തോൽപിച്ച മത്സരത്തിനു ശേഷവും അനുഷ്‌ക കോഹ്‌ലിയെ വിളിച്ച് അഭിനന്ദനം അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇരുവരെയും വച്ച് ട്രോളുകൾ ഇറങ്ങിയപ്പോൾ കോഹ്‌ലി അസഹിഷ്ണുത കാണിക്കുകയും ചെയ്തു. രൂക്ഷമായ ഭാഷയിലാണ് കോഹ്‌ലി ട്രോളുകളോടു പ്രതികരിച്ചത്. അതായത് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരുവരും വീണ്ടും ഒന്നിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന.
ഇരുവരും ജനുവരിയിൽ വിവാഹിതരാവുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാർത്തകൾ. എന്നാൽ കരിയറിൽ കൂടുതലായി ശ്രദ്ധിക്കേണ്ടതിനാൽ ഉടൻ വിവാഹം നടക്കില്ലെന്ന അനുഷ്‌കയുടെ തീരുമാനം ബന്ധത്തിന്റെ തകർച്ചയ്ക്ക് ഇടയാക്കി. എന്നാൽ വലിയ തകർച്ചയിലേക്ക് പോകാതെ രണ്ടുപേരുടെയും ഇടയിൽ അവരുടേതായ അകലം പാലിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ കോഹ്‌ലി അനുഷ്‌കയെ അൺഫോളോ ചെയ്തതും വാലന്റൈൻസ് ഡേയിൽ ഇരുവരും ആശംസ പറയാതിരുന്നതും പ്രണയത്തകർച്ചയെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു. കോഹ്‌ലിക്ക് ആദ്യം ഇത് ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീട് അനുഷ്‌കയുടെ തീരുമാനമാണ് ശരിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നു. അവർ ഒരിക്കലും പിരിഞ്ഞിട്ടില്ലെന്നും കരിയർ കുറച്ചുകൂടി ശ്രദ്ധിക്കാൻ മാത്രമാണ് സൗഹൃദത്തിന് അകലം പാലിച്ചതെന്നുമാണ് ഇരുവരോടും അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post