വർക്കല ശിവപ്രസാദ് വധം; ഏഴു ഡിഎച്ച്ആർഎം പ്രവർത്തകർക്കും ജീവപര്യന്തം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആറുലക്ഷം രൂപ നൽകണം

തിരുവനന്തപുരം: വർക്കലയിൽ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഏഴു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡിഎച്ച്ആർഎം നേതാവ് ശെൽവരാജ് അടക്കമുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഓരോ പ്രതികളും 2 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുകയിൽ നിന്ന് 6 ലക്ഷം രൂപ കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിനു നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരുക്കേറ്റ അശോകന് 2 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഇന്നലെയാണ് കേസിൽ ഏഴ് ഡിഎച്ച്ആർഎം പ്രവർത്തകരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. ആറുപേരെ വെറുതേ വിടുകയും ചെയ്തിരുന്നു. ഡിഎച്ച്ആർഎം നേതാവ് ശെൽവരാജ് അടക്കമുള്ളവരെയാണ് കുറ്റക്കാരാണെന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കലാപത്തിന് ശ്രമിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിരിക്കുന്നത്. പ്രതികൾ സമൂപത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതായി കോടതി കണ്ടെത്തി.

2009 സെപ്റ്റംബർ 23നായിരുന്നു സംഭവം. രാവിലെ പതിവു നടത്തത്തിനിറങ്ങിയ വർക്കല അയിരൂർ അശ്വതിയിൽ ശിവപ്രസാദാ(64)ണ് വെട്ടേറ്റു മരിച്ചത്. മൂന്നു പേർ ഒരു ബൈക്കിലെത്തി റോഡിലൂടെ നടന്നുപോവുകയായിരുന്ന ശിവപ്രസാദിനെ വെട്ടുകയായിരുന്നു. ജനശ്രദ്ധയാകർഷിക്കാൻ ഡിഎച്ച്ആർഎം നടത്തുന്ന ശ്രമമെന്നാണ് കൊലപാതകത്തെ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel